തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടിയിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കര്‍ തീരുമാനമെടുത്തത്.
പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴല്ല ചെന്നിത്തലയ്ക്കെതിരായ ആരോപിക്കപ്പെടുന്ന കാര്യം നടക്കുന്നതെന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നുമായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
മറ്റു രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. വി. ഡി സതീശന് എംഎല്‍എയ്ക്കും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ.
പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് പരാതി. ഇതില്‍ അന്വേഷണത്തിന് അനുമതി വേണമെങ്കില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണം എന്നതാണ് സ്പീക്കറുടെ നിലപാട്. നാലു കോടിയുടെ പാലം പണിതീര്‍ക്കാന്‍ പത്തു കോടി ചെലവായി എന്ന ആരോപണമാണ് അന്‍വര്‍ സാദത്ത് നേരിടുന്നത്. ഇതിലും കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നാണ് സ്പീക്കറുടെ നിലപാട്.