പബ്ജിയുടെ പകരക്കാരൻ ഇന്ത്യയുടെ സ്വന്തം മൊബൈൽ ഗെയിം ഫൌ-ജി ജനുവരി 26ന് റിലീസ് ചെയ്യും, സവിശേഷതകൾ അറിയാം...


പബ്ജി മൊബൈൽ ബാറ്റിൽ റോയൽ ഗെയിമിന്റെ പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി എത്തുന്നു. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ഫൌ-ജി ഗെയിം റിലീസ് ചെയ്യും. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ ഗെയിമിന്റെ ആദ്യ ട്രെയിലർ ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പുറത്തിറക്കിയത്. മഞ്ഞുവീഴ്ച്ചയുള്ള സ്ഥലങ്ങളാണ് ഈ ഗെയിമിന്റെ തീമിൽ ഉണ്ടായിരിക്കുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. ഗെയിമിന്റെ തീം സോംഗ് പഞ്ചാബിയിലും ഹിന്ദിയിലും ഉണ്ടായിരിക്കും.

1 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ഫൌ-ജി ട്രെയിലർ, ഇപ്പോൾ ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവയിൽ ലഭ്യമാണ്. ഇന്ത്യൻ ആർമി യൂണിഫോമിലുള്ള അവതാറുകളാണ് ഈ ഗെയിമിന്റെ പ്രത്യേകത. ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെടുന്നതായിട്ടാണ് ഈ ഗെയിം കാണിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലാണ് ഗെയിമിന്റെ പ്രമേയം. ഇന്ത്യൻ അതിർത്തികൾ അടയാളപ്പെടുത്തിയിരിക്കുന്നതായും അതിൽ ചൈനീസ് നുഴഞ്ഞുകയറ്റക്കാർ വരുന്നതായും കാണിക്കുന്നുണ്ട്.

ഗെയിം നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ഗാൽവാൻ താഴ്‌വരയെ അടിസ്ഥാനമാക്കിയുള്ള ഒരു ലെവൽ ഈ ഗെയിമിൽ ഉണ്ടായിരിക്കും. ഫൌ-ജിയിൽ തുടക്കത്തിൽ തന്നെ ബാറ്റിൽ റോയൽ മോഡ് ഉണ്ടാകില്ല, പക്ഷേ പിന്നീട് ഒരു അപ്‌ഡേറ്റിലൂടെ ഇത് അവതരിപ്പിക്കുമെന്ന് ഡെവലപ്പർമാർ അറിയിച്ചിട്ടുണ്ട്. ഫൌ-ജിയുടെ നിർമ്മാതാക്കളായ എൻ‌കോർ ഗെയിംസ് പറയുന്നത് അനുസരിച്ച് ഈ ഗെയിമിൽ തോക്കുകളൊന്നും ഉണ്ടാകില്ല. ഇത് തന്നെയാണ് ട്രെയിലറിലും കാണുന്നത്. എന്നാൽ പിന്നിട് മറ്റ് ചില ലെവലിൽ എത്തുമ്പോൾ തോക്കുകളും മറ്റ് വെടിക്കോപ്പുകളും ലഭിക്കും.

സിംഗിൾ-പ്ലേയർ, കോ-ഓപ്പറേറ്റീവ് മൾട്ടിപ്ലെയർ മോഡുകൾ എന്നിവ ഫൌ-ജി ഗെയിമിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഗെയിമിന്റെ ലിസ്റ്റിംഗ് അനുസരിച്ച് ഇന്ത്യയുടെ വടക്കൻ അതിർത്തിയിലെ താഴ്വരയിലാണ് സംഭവം നടക്കുന്നത്. ഫൌ-ജി എന്നതുകൊണ്ട് ഫിയർ‌ലെസ്, യുണൈറ്റഡ് ഗാർഡ്സ് എന്നാണ് അർദ്ധമാക്കുന്നത്. ഫൌജി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം സൈനികൻ എന്നാണ്. തുടക്കത്തിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രം ഫൌ-ജി ലഭ്യമാകും, ഇതിനായുള്ള പ്രീ-രജിസ്ട്രേഷനുകൾ നവംബറിൽ ആരംഭിച്ചിരുന്നു.

ഫൌ-ജി ഗെയിമിന് ഗൂഗിൾ പ്ലേ സ്റ്റോർ ലിസ്റ്റിങിൽ നിന്ന് ഒരു ദശലക്ഷത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചതായാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. സ്റ്റാറ്റ്കൌണ്ടറിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ വിപണിയിൽ ഏകദേശം 2.69 ശതമാനം വിഹിതമുള്ള ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്കായി ഫൌ-ജി എപ്പോൾ പുറത്തിറക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഗെയിമിന് ആൻഡ്രോയിഡ് ഉപയോക്താകൾക്കിടയിൽ കൂടുതൽ പ്രചാരം ഉണ്ടാക്കുക എന്നതാണ് നിർമ്മാതാക്കളുടെ ആദ്യ ലക്ഷ്യം. നേരത്തെ പബ്ജി മൊബൈലിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിലാണ് ഏറ്റവും കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്.

പബ്ജി മൊബൈൽ ഗെയിം ഇന്ത്യയിൽ നിരോധിച്ചതോടെ സമാനമായ ഗെയിം വികസിപ്പിക്കാൻ പല കമ്പനികളും ശ്രമിച്ചിരുന്നു. മികച്ച ക്വാളിറ്റിയുള്ള പബ്ജി ഗെയിം ആപ്പിന് ഇതുവരെ ശക്തമായ പകരക്കാരൻ ഉണ്ടായിട്ടില്ല. കോൾ ഓഫ് ഡ്യൂട്ടി എന്ന ഗെയിമിന്റെ മൊബൈൽ പതിപ്പിത് പബ്ജി നിരോധനം ഗുണം ചെയ്തിരുന്നു. പബ്ജി കോർപ്പറേഷൻ നേരത്തെ പബ്ജി മൊബൈൽ ഇന്ത്യ എന്ന പുതിയ പേരിൽ ഗെയിമിന്റെ മറ്റൊരു രൂപം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ഗെയിം പുറത്തിറക്കുന്നതിന് സർക്കാർ അനുമതി നിഷേധിച്ചു.

1 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക