കോഴിക്കോട് ഓടയിൽ വീണ് കാൽനടക്കാരൻ മരിച്ച സംഭവം; സർക്കാർ 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി


കോഴിക്കോട്: സ്ലാബില്ലാത്ത ഓടയിൽ വീണ് കാൽനടയാത്രികന്‍ മരിച്ച സംഭവത്തില്‍ സർക്കാർ മുപ്പത് ലക്ഷം രൂപ നഷ്പരിഹാരം നൽകണമെന്ന് കോടതി. സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനിയറെയും എതിർ കക്ഷികളാക്കി മരിച്ചയാളുടെ കുടുംബം ഫയൽ ചെയ്ത കേസിലാണ് നടപടി. കോഴിക്കോട് രണ്ടാം അഡീഷണൽ സബ്കോടതിയിൽ വാദം കേട്ട കേസില്‍ ജഡ്ജി എസ്. സൂരജ് ആണ് വിധി പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2017 ജൂലൈ 22ന് കെ.ടി.ഗോപാലൻ റോഡിൽ ആണ് കേസിനാസ്പദമായ സംഭവം. കാറ്ററിംഗ് സെന്‍റർ പാചകത്തൊഴിലാളി ആയിരുന്ന കോട്ടൂളി പുതിയാറമ്പത്ത് സതീശൻ (49) ആണ് മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഇയാൾ രാത്രി പത്തരയോടെയാണ് വെള്ളം നിറഞ്ഞ ഓടയില്‍ വീണ് മുങ്ങി മരിച്ചത്. തൊട്ടടുത്ത ദിവസമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ സതീശന്‍റെ ഭാര്യ ഭാര്യ കെ.സുമ, മകൾ അഭിരാമി, അമ്മ ശ്രീമതി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഓടയ്ക്കു മുകളിൽ സ്ലാബോ കൈവരികളോ സ്ഥാപിക്കാതെ അധികൃതർ നിയമപ്രകാരമുള്ള ബാധ്യത നിർവഹിക്കാത്തതു കൊണ്ടാണ് അപകടമുണ്ടായതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. സർക്കാർ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെങ്കിലും അത് അപര്യാപ്തമാണെന്നും ഇവർ ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാൽ സതീശൻ മദ്യപിച്ചിരുന്നുവെന്നും അതുകൊണ്ട് റോഡും ഓവുചാലും തിരിച്ചറിയാത്ത സ്ഥിതിയിലായിരുന്നുവെന്നുമാണ് സർക്കാര്‍ അഭിഭാഷകര്‍ കോടതിയിൽ വാദിച്ചത്. അയാളുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ആകെയുള്ള 31.9 ലക്ഷം രൂപയുടെ നഷ്ടം 32 ലക്ഷമാക്കി കണക്കാക്കി നേരത്തേ നൽകിയ 2 ലക്ഷം കഴിച്ച് 30 ലക്ഷവും മൂന്ന് പേർക്കായി നൽകണം. മൈനറായ കുട്ടിയുടെ വിഹിതം ബാങ്കിൽ നിക്ഷേപിക്കണം. വിധി വന്ന ദിവസം മുതൽ 6 ശതമാനം പലിശയും നൽകണമെന്നും ഉത്തരവിലുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക