തൃശൂര്‍: കേരളത്തില്‍ സീറ്റ് കൂട്ടാനല്ല 71 എന്ന മാന്ത്രികസംഖ്യ കടക്കാനാണ് ബി.ജെ.പി. മത്സരിക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന് ബിജെപിനിര്വാഹകസമിതി യോഗത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
തൃശ്ശൂരില്‍നടന്ന പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ചയായില്ലെങ്കിലും നേതാക്കളുടെ കൂട്ടമത്സരക്കാര്യത്തില് സൂചനയുണ്ടായിട്ടുണ്ട്.
പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാക്കള്‍ കൂട്ടത്തോടെ മത്സരരംഗത്തുണ്ടാവില്ല. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പ്രചാരണം നയിക്കാന്‍ നിയോഗിക്കപ്പെടുന്നതിനാല്‍ മത്സരിക്കാന്‍ സാധ്യതയില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നേതാക്കളെല്ലാം മത്സരരംഗത്തുവന്നതിനാല്‍ പ്രചാരണം നയിക്കാന്‍ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
കോന്നിയില്‍ കെ. സുരേന്ദ്രന് മത്സരിക്കുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍, സുരേന്ദ്രന് ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നാല് അതു ദോഷംചെയ്യുമെന്ന് നിര്‍വാഹകസമിതി യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതാക്കളില്‍ ആരൊക്കെ വിട്ടുനില്‍ക്കണമെന്നത് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുക. ഇക്കാര്യം കെ. സുരേന്ദ്രന് നിര്‍വാഹകസമിതി യോഗത്തിനുശേഷംനടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ക്രൈസ്തവപിന്തുണ ഉറപ്പിക്കാന്‍ ശ്രമം
ക്രൈസ്തവ സമുദായത്തിനുകൂടി സ്വീകാര്യരും പൊതുസമ്മതരുമായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടാവണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷനായി. ഒ. രാജഗോപാല്‍ എം.എല്‍.എ., കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്, കെ. രാമന്‍പിള്ള, കെ.വി. ശ്രീധരന്, എം.ടി. രമേശ്, ജോര്‍ജ് കുര്യന്, ബി. ഗോപാലകൃഷ്ണന്, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, കെ.കെ. അനീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.