ന്യൂഡല്‍ഹി: കര്‍ഷരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെ. അഹമ്മദ് നഗര്‍ ജില്ലയിലെ റാലെഗണ്‍ സിദ്ധിയില്‍ നിരാഹാര സമരമിരിക്കുമെന്ന പ്രഖ്യാപനം വ്യാഴാഴ്ചയാണ് അണ്ണ ഹസാരെ നടത്തിയത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തന്റെ നിര്‍ദേശങ്ങള്‍ തള്ളിയതിന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അതിനാലാണ് 30 മുതല്‍ നിരാഹാര സമരത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ നാലുവര്‍ഷമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നില്ല എന്ന് വേണം കരുതാന്‍. കര്‍ഷകരോട് അനുഭാവപൂര്‍വ്വമല്ല സര്‍ക്കാര്‍ പെരുമാറുന്നതെന്നും അണ്ണ ഹസാരെ പറഞ്ഞു.
"കര്‍ഷക പ്രശ്നത്തിന് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും ഞാന്‍ കത്തെഴുതിയത്. കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. അതിനാല്‍, ജനുവരി 30 മുതല്‍ റാലേഗണ്‍ സിദ്ധിയിലെ യാദവ്ബാബ ക്ഷേത്രത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും", അണ്ണ ഹസാരെ പ്രസ്താവിച്ചു. സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ആവശ്യവും അണ്ണ ഹസാരെ ഉന്നയിച്ചു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ കഴിഞ്ഞ ഡിസംബറില്‍ സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വാമിനാഥന് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മിഷന് ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ അന്ന് മുന്നോട്ടുവെച്ചിരുന്നത്. ഈ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി അഞ്ചിന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു