'സർക്കാർ നൽകിയാലേ ഭൂമി സ്വീകരിക്കൂ'; വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ പണംകൊടുത്ത് വാങ്ങി നല്കിയ സ്ഥലത്തിൻറെ ആധാരം നിരസിച്ച് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ശ്രമത്തിനിടെ മരിച്ച രാജന്റെ മക്കൾ


തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങിയതിന് പിന്നാലെ രാജന്റെ മക്കളെ നേരിട്ടുകണ്ട് ബോബി ചെമ്മണ്ണൂർ. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ സഹായം സ്നേഹത്തോടെ നിരസിച്ച രഞ്ജിത്തും രാഹുലും തർക്കഭൂമി സർക്കാരാണ് തങ്ങൾക്ക് നൽകേണ്ടതെന്നും ആവർത്തിച്ചു.

ബോബി ഫാൻസ് ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ അറിയിച്ചതനുസരിച്ചാണ് ശനിയാഴ്ച പുലർച്ചെ താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. 'ഇവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമിയിൽ തന്നെ ഇവർക്കും ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് ബോബി ഫാൻസ് അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്ത് എത്തി. വസന്തയുമായി സംസാരിച്ചു. ഭൂമിയ്ക്ക് വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. അഡ്വാൻസും നൽകി. അതിന്റെ രേഖകൾ കുട്ടികൾക്ക് കൈമാറാനാണ് വന്നത്. ഇനി ഇവിടെ പുതിയ വീട് നിർമിക്കും. അത് വരെ ഇരുവർക്കും എന്റെ കൂടെ ശോഭ സിറ്റിയിൽ താമസിക്കാം. പുതുവർഷത്തിൽ ഇതെല്ലാം ചെയ്യാനായതിൽ ദൈവത്തോട് നന്ദി പറയുന്നു''-ബോബി ചെമ്മണ്ണൂർ പറഞ്ഞു.

എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ സഹായവാഗ്ദാനം രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും സ്നേഹത്തോടെ നിരസിച്ചു. ''സാറിനോട് നന്ദിയും ബഹുമാനവുമുണ്ട്. എന്നാൽ ഇത് കേസിൽ കിടക്കുന്ന ഭൂമിയാണ്. വസന്തയ്ക്ക് ഇതിൽ അവകാശമില്ല. അവർ സാറിന് തന്നത് വ്യാജ പട്ടയമായിരിക്കാം. സാറ് ഈ പട്ടയം തിരിച്ചുകൊടുക്കണം. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം''- രഞ്ജിത്തും രാഹുലും മറുപടി നൽകി.

ഇതോടെ വസന്ത കൈമാറിയത് വ്യാജ രേഖകളാണെങ്കിൽ അതിനെതിരേ നിയമപരമായി പോരാടുമെന്ന് ബോബി ചെമ്മണ്ണൂരും വ്യക്തമാക്കി. കുട്ടികൾക്ക് ഈ ഭൂമിയിൽ തന്നെ വീട് വേണമെന്ന ആഗ്രഹം നിറവേറ്റാൻ എന്നും കൂടെയുണ്ടാകും. വസന്ത നൽകിയ രേഖകൾ വക്കീൽ പരിശോധിച്ചപ്പോൾ തെറ്റുകളൊന്നും കണ്ടിട്ടില്ല. സ്റ്റേ ഓർഡർ ലഭിച്ചത് അറിഞ്ഞിരുന്നില്ല. എന്തായാലും നിയമവശങ്ങൾ പരിശോധിക്കും. വസന്ത നൽകിയ രേഖകൾ അസാധുവാണെങ്കിൽ അതിനെതിരേ നിയമപരമായി പോരാടുമെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക