കൊട്ടിയം: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരുമായി വരുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട ബസ് റോഡരികിൽ കൂട്ടിയിട്ടിരുന്ന തടികൾക്കിടയിലേക്ക് ഇടിച്ചുകയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊട്ടിയം -കണ്ണനല്ലൂർ റോഡിൽ തഴുത്തല വഞ്ചിമുക്കിലായിരുന്നു സംഭവം. കൊട്ടിയത്തുനിന്ന് കുണ്ടറയിലേക്ക് വരുകയായിരുന്ന ബസ് പൊലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടെടുക്കുമ്പോഴാണ് ഡ്രൈവർ മുഖത്തല കിഴവൂർ സ്വദേശിയായ ബിനുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ബസ് നിയന്ത്രണം വിട്ട് തടികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഡ്രൈവർ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.