വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വരാണസിയിലെ ആശുപത്രിയിലേക്ക് വാക്സിൻ എത്തിച്ചത് സൈക്കിളിലായിരുന്നു. ചൗകാഘട്ടിലെ വനിതാ ആശുപത്രിയിലേക്കാണ് ജീവനക്കാരൻ വാക്സിൻ സൈക്കിളിൽ എത്തിച്ചത് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
''അഞ്ച് കേന്ദ്രങ്ങളിൽ വാനിലായിരുന്നു കോവിഡ് വാക്സിൻ എത്തിച്ചത്. വനിതാ ആശുപത്രിയിലേക്ക് മാത്രമാണ് സൈക്കിളിൽ വാക്സിൻ എത്തിച്ചത്''- സംഭവത്തെ കുറിച്ച് വരാണസി സിഎംഒ ഡോ. വി ബി സിങ് പ്രതികരിച്ചത് ഇങ്ങനെയാണ്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി പൊലീസിനെ അടക്കം നിയോഗിച്ചിരുന്നു. എന്നാൽ വാക്സിൻ എത്തിക്കാനുള്ള ഗതാഗത സൗകര്യം ഒരുക്കിയതിനെ കുറിച്ചാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. വരാണസി ജില്ലാ ഭരണകൂടം നടത്തിയ ഒരുക്കങ്ങളെ കുറിച്ചാണ് ഇപ്പോൾ സംശയം ഉയരുന്നത്.
പൂർണമായ തയാറെടുപ്പുകളോടും ആത്മാർത്ഥതയോടും ഡ്രൈ റണ്ണിനെ സമീപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലെയും ഒന്നിലേറെ സ്ഥലങ്ങളിൽ ഡ്രൈ റൺ സംഘടിപ്പിച്ചിരുന്നു. ആർക്കും വാക്സിൻ നൽകിയില്ലെങ്കിലും മോക് ഡ്രിൽ എന്ന നിലയ്ക്കായിരുന്നു ഇത് പരീക്ഷിച്ചത്.
കെജിഎംയു, പിജിഐ, ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട്, രാംനഗർ മിശ്ര ആശുപത്രി, ലഖ്നൗ ലോക് ബന്ധു ആശുപത്രി എന്നിവിടങ്ങളെ കൂടാതെ അലഹബാദ്, മാൾ, ഇന്ദിരാ നഗർ, കകോരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, സഹാറ ആശുപത്രി, മേദാന്ത. ലഖ്നൗ ഇറ മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലും ഡ്രൈ റൺ നടന്നിരുന്നു.