ന്യൂഡൽഹി: കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം നടത്താതെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് എതിരെ ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോവാക്സിന് തൽക്കാലം ഉപയോഗിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറി.
കോവാക്സിനും ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിൻ ആയിരിക്കും വരും ദിവസങ്ങളിൽ നൽകുകയെന്നും ഭാരത് ബയോടെക്കിന്റെ വാക്സിൻ തൽകാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ വ്യക്തമാക്കി.
ആ സമയംകൊണ്ട് കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുകയെന്നും ഗുലേറിയ പറഞ്ഞു.
അതേസമയം മൂന്നാംഘട്ട പരീക്ഷണം ആദ്യം നടത്തിയത് കോവാക്സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചതിന് ശേഷമായിരുന്നു ഭാരത് ബയോ ടെകിന്റെ മറുപടി.