തിരുവനന്തപുരം: പ്രവര്‍ത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42 കാരനാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.15 വര്‍ഷമായി കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായിരുന്ന ഇയാളെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരു മാസം മുന്‍പ് കമ്പനി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.
ഫെയ്സ് ബുക്ക് ലൈവില്‍ വന്ന് മാനേജ്മെന്റിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ ലൈവ് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ചെത്തിയ് വീട്ടുകാര്‍ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മാനേജ്മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവില്‍ ഇയാൾ പറഞ്ഞിരുന്നു.
നേരത്തെ കമ്പനിക്കകത്ത് മരിച്ച നിലയില്‍ പ്രഫുല്ല കുമാര്‍ എന്ന തൊഴിലാളിയെ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നിരുന്നു. പ്രഫുല്ല കുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മഹേശ്വരി പറഞ്ഞു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികള്‍ അന്നുമുതല്‍ ഇവിടെ സമരത്തിലാണ്. പ്രഫുല്ല ചന്ദ്രന് പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. സുരക്ഷാ സംവിധാനമുളള കമ്പനിക്കുള്ളില്‍ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിലെ ഉപകരണങ്ങള്‍ കമ്പനി അധികൃതര്‍ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ലചന്ദ്രനെ ആരോ അപകടപ്പെടുത്തിയതാണെന്നാണ് ഐഎന്‍ടിയുസി ആരോപണം. സംഭവം വന്‍ വിവാദമായിരിക്കെയാണ് മറ്റൊരു തൊഴിലാളിയുടെ ആത്മഹത്യാശ്രമം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)