തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേ സമയം അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതിയുടെ ഭര്‍ത്താവും മകനും. അമ്മ രാത്രിയില്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകന് പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന് പറഞ്ഞു.
പോക്സോ കേസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ രഹസ്യമൊഴിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ തളളിയത്. അതേസമയം കേസില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനാ ഫലം ഉള്‍പ്പെടുന്ന ഫയലുകള്‍ എത്തിക്കാന്‍ ഐ ജി ആറ്റിങ്ങള്‍ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്കി.
ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന് വെളിപ്പെടുത്തിയിരുന്നു.