യുഡിഎഫ് ക്ഷണിച്ചാൽ സ്ഥാനാർത്ഥിയാകും, ഇടതുപക്ഷത്തിന് തന്നോട് താൽപര്യമില്ല: ഒടുവിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി- കെമാൽ പാഷ


കൊച്ചി: ഒടുവിൽ രാഷ്ട്രീയം വ്യക്തമാക്കി റിട്ടയർഡ് ജസ്റ്റിസ് കെമാൽ പാഷ. ഒരു ജനപ്രതിനിധിയാകാൻ ആഗ്രഹിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ക്ഷണിച്ചാൽ സ്ഥാനാർത്ഥിയാകുമെന്നും കെമാൽ പാഷ വ്യക്തമാക്കി. എം എൽ എ ആയാൽ ശമ്പളം വേണ്ടെന്നും കെമാൽ പാഷ വ്യക്തമാക്കി.

എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും നിയമസഭയിൽ എത്തിയാൽ ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും കെമാൽ പാഷ പറഞ്ഞു. എൽ ഡി എഫിന് തന്നോട് താൽപര്യമില്ലെന്നും ബി ജെ പിയോട് തനിക്കും താൽപര്യമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.

വിരമിച്ചതിനു ശേഷം രാഷ്ട്രീയ പ്രസ്താവനകളിലൂടെ ജസ്റ്റിസ് കെമാൽ പാഷ ശ്രദ്ധ നേടിയിരുന്നു. വി ഫോർ കൊച്ചി പ്രവർത്തകർ വൈറ്റില മേൽപ്പാലം തുറന്നു കൊടുത്തതിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം കെമാൽ പാഷ രംഗത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉദ്ഘാടനം ചെയ്യണമെന്നു പറഞ്ഞു വച്ചുകൊണ്ടിരിക്കാൻ ഇത് ആരുടെയും സ്വന്തം കയ്യിൽ നിന്നെടുത്ത് നിർമിച്ചതല്ലല്ലോ, പൊതു ജനങ്ങളുടെ പണമല്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതുപോലെ പല സ്ഥലങ്ങളിൽ എഴുതിവയ്ക്കും. ഇന്ന എംഎൽഎയുടെ ഫണ്ടിൽ നിന്ന് ഉണ്ടാക്കിയത് എന്നു പറഞ്ഞ്. ഒരു ഇലക്ട്രിക് പോസ്റ്റിൽ ലൈറ്റിട്ടിട്ട് ബോർഡ് തൂക്കിയിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. ഈ ലൈറ്റിനെക്കാൾ കൂടുതൽ ചെലവ് ബോർഡ് തൂക്കാൻ വന്നിട്ടുണ്ട്. അതാണ് ശരിക്ക് പൊതുമുതൽ നശിപ്പിക്കലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക