കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ കേരളം


ന്യൂഡൽഹി: കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ്.10.15 ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് ബജറ്റിന് അനുമതി നൽകും. 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ഇതിനിടെ കർഷക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെങ്കിലും ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയേക്കില്ല. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും, മാറ്റങ്ങളും ഉണ്ടാകുമെന്ന് സാമ്പത്തിക സർവേ സൂചന നല്കിയിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റമാണ് ആകാംക്ഷജനകം. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകിയേക്കും. നിക്ഷേപ സമാഹരണം നിർണായക ഘടകമാകും.

പൊതുമേഖലാ ഓഹരികൾ വിറ്റ് അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർധിച്ചേക്കും. ആരോഗ്യം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങൾ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം.

പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും മുന്നോട്ട് വെക്കും. കർഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും. 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്കാകും പ്രാമുഖ്യം.

പ്രതീക്ഷയോടെ കേരളം

കോവിഡ് കാലത്തെ കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം കാത്തിരിക്കുന്നത്. അടിസ്ഥാന വികസന രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുന്നതാകും ബജറ്റെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കിഫ്ബിക്ക് കേന്ദ്രം ഉടക്ക് വെക്കുമോയെന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്.

കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ മറികടക്കണം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയത് ഒരു വര്‍ഷം കൂടി തുടരണം. വായ്പാ പരിധിയില്‍ ഒരു ശതമാനത്തി വര്‍ധനവും സംസ്ഥാനം പ്രതീക്ഷിക്കുന്നു. നികുതി വര്‍ധനവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ നികുതി വര്‍ധനവുകള്‍ ശുപാര്‍ശ ചെയ്യാത്തതാവണം ബജറ്റ്. കര്‍ഷകര്‍ തെരുവിലായതിനാല്‍ കാര്‍ഷിക രംഗത്തേക്ക് പ്രത്യേക പാക്കേജിന് സാധ്യതയുണ്ട്. ഇത് കേരളത്തിന് കൂടി ഉപകാരപ്പെടും. ഇതിനെല്ലാം അപ്പുറം എംയിംസ്, റെയില്‍വേ സോണ്‍ തുടങ്ങിയ കാലാകാലങ്ങളായുള്ള ആവശ്യം ബജറ്റില്‍ ഇടം പിടിക്കൂമോയെന്നും കേരളം ഉറ്റു നോക്കുന്നു. അടിസ്ഥാന വികസന രംഗത്ത് നിക്ഷേപ സാധ്യതകള്‍ തുറന്നിടുമെന്നാണ് കേരളത്തിന്‍റെ കണക്ക് കൂട്ടല്‍. അപ്പോഴും കിഫ്ബി ഉടക്ക് വെയ്ക്കുമോയെന്ന ആശങ്കയും ധനമന്ത്രിക്കടക്കം ഉണ്ട്.

കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. കെ റെയില്‍, ശബരി-അങ്കമാലി പാതകളും ബജറ്റില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്. ഇന്ധന നികുതിയിലും കേന്ദ്രം ഇളവ് വരുത്തണമെന്നാണ് സംസ്ഥാനത്തിന്‍റെ ആഗ്രഹം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക