കൊല്ലം: കല്ലുവാതുക്കലിൽ കരിയിലകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചു. അണുബാധയെത്തുടർന്ന് വൈകിട്ട് ഏഴരയോടെ എസ്.എ.ടി ആശുപത്രിയിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറോടെ കരിയില കൊണ്ട് മൂടിയ നിലയിൽ ഊഴായ്ക്കോട്ടെ സുദർശനൻപിള്ളയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്.
രാവിലെ വിട്ടുകാർ പുരയിടത്തിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി കുത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശ്വാസതടസം ഉൾപ്പെടെ ആരോഗ്യ നില വഷളായപ്പോൾ വൈകിട്ട് 3.30 ഓടെ ഐ.സി.യു ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റി. വൈകിട്ടോടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ഏഴരയോടെ കുഞ്ഞ് മരിച്ചു. അണുബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൂർണ വളർച്ചയെത്തിയ കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടായിരുന്നു.