ദുബായ്: വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ച പ്രവാസിക്ക് ദുബായിൽ മൂന്നു വർഷം തടവുശിക്ഷ. 2007 ൽ ഇറാനിയൻ യുവതിയെ വിവാഹം കഴിച്ച 52 കാരനായ പ്രതിയ്ക്കാണ് ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലവധി പൂർത്തിയാക്കിയശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇറാനിയൻ സ്വദേശിയായ പ്രവാസിയെയാണ് കോടതി ശിക്ഷിച്ചത്.
38 കാരിയായ ഇറാനിയൻ വീട്ടമ്മ മകന് ഐഡിയും പാസ്പോർട്ടും വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. യഥാർത്ഥ പേരും മറ്റു വിശദാംശങ്ങളും മറച്ചുവെച്ച്, വ്യാജരേഖ ചമച്ച് മറ്റൊരാളായാണ് പ്രതി, ഇറാനിയൻ യുവതിയെ വിവാഹം കഴിച്ചത്. പ്രതിക്ക് സ്വന്തമായി ഒരു തിരിച്ചറിയൽ രേഖയും ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
2007 ൽ മറ്റൊരു പേരിലാണ് അദ്ദേഹം തന്നെ പരിചയപ്പെട്ടതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. തങ്ങൾ വിവാഹത്തിനായി ദുബായ് ശരീഅത്ത് കോടതിയിൽ പോയി, അദ്ദേഹത്തിന്റെ ചിത്രവും പേരുമുള്ള ഒരു ഹെൽത്ത് കാർഡ് ആണ് വിവഹത്തിന്റെ തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. പിന്നീട് മകന് തിരിച്ചറിയൽ രേഖ എടുക്കാനായി ആവശ്യപ്പെട്ടപ്പോഴാണ്, തനിക്ക് തിരിച്ചറിയൽ രേഖ ഇല്ലെന്നും കൈവശമുള്ളത് വ്യാജരേഖയാണെന്നും ഇയാൾ പറയുന്നത്. തുടർന്ന് 2018ൽ യുവതി വിവാഹമോചനം നേടി.
അതിനുശേഷമാണ് വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി വിവാഹം ചെയ്തു വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുന്നത്. പ്രതിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രേഖകളില്ലാത്തതിനാൽ വ്യാജായി നിർമ്മിച്ച ഹെൽത്ത് കാർഡ് പല സ്ഥലങ്ങളിലും ഉപയോഗിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു.