ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം.എല്‍.എ. സമരക്കാര്‍ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു. ഇദ്ദേഹം ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
भाजपा, राजस्थान के विधायक मदन दिलावर जी का किसानों के लिए आतंकवादी, लुटेरे जैसे शब्दों का इस्तेमाल करना शर्मनाक है।
— Govind Singh Dotasra (@GovindDotasra) January 9, 2021
जिस अन्नदाता ने आपके पेट में अन्न पहुँचाया उनके आंदोलन को आप पिकनिक बता रहे हैं, बर्ड फ्लू के लिए ज़िम्मेदार बता रहे हैं ?
आपका यह बयान भाजपा की सोच दर्शाता है। pic.twitter.com/1oKKeZeaNu
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദിലാവര്‍ വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം സമരം വെറും വിനോദയാത്രമാത്രമാണ്, അദ്ദേഹം പറയുന്നു.
അവര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഉണങ്ങിയ പഴങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും അവര്‍ ആസ്വദിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വേഷം മാറുന്നു. അവര്‍ക്കിടയില്‍ നിരവധി തീവ്രവാദികളുണ്ട്, കള്ളന്മാരും കൊള്ളക്കാരുമുണ്ട്. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്. അപേക്ഷിച്ചിട്ടായാലും ബലംപ്രയോഗിച്ചായും എത്രയും വേഗം അവരെ നീക്കംചെയ്തില്ലെങ്കില്‍ രാജ്യം പക്ഷിപ്പനിയുടെ ഭീതിയിലാവും, മദന്‍ ദിലാവര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒന്നര മാസത്തോളമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരുമായി എട്ട് തവണ കര്‍ഷകര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
ഡല്‍ഹിയിലെ കൊടും തണുപ്പിലും മഴയിലും തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരുമാണ് ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കിനല്‍കുന്നത്. ചില കര്‍ഷകര്‍ ഭക്ഷണ സാധനങ്ങള്‍ സ്വന്തം നാട്ടില്‍നിന്ന് എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കര്‍ഷര്‍ ബിരിയാണിയുണ്ടാക്കി കഴിക്കുകയാണെന്നും ആഘോഷിക്കുകയാണെന്നും ആരോപിക്കുന്ന ചില വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമരം ചെയ്യുന്നത് ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നും ചിലര്‍ ആരോപിച്ചിരുന്നു.