കാസര്‍കോട്: പാണത്തൂര്‍ ബസപകടത്തിൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോര്‍ട്ട്. ടോപ് ഗിയറില്‍ വാഹനമിറക്കിയത് അപകടത്തിനിടയാക്കി. ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു, അപകടത്തിൽ ഏഴു പേർ മരിച്ചു. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആൾ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.
പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയ സർക്കാർ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെയും ആർടിഓയെയും ചുമതലപ്പെടുത്തിയിരുന്നു.