ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ ഇരയായവർക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്തത് . ആകെ 70 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത് . മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് തുക കൈമാറി .
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മുഴുവന്‍ ആളുകളും മരണപ്പെട്ട കുടുംബങ്ങളിലെ അവകാശികളെ കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് ധനസഹായം നല്‍കിയത്. ഗസറ്റ് നോട്ടിഫിക്കേഷന്‍ വന്നിട്ടുള്ള 39 പേരുടെ അവകാശികളായ 81 പേര്‍ക്കായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത് . റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ധനസഹായ തുക വിതരണം നടത്തി . പെട്ടിമുടി ദുരന്തഭൂമിയില്‍ മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് വേണ്ടി കുറ്റിയാര്‍വാലിയില്‍ നിര്‍മിക്കുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണ് . എട്ട് കുടുംബങ്ങള്‍ക്കാണ് ഇവിടെ വീട് നിര്‍മ്മിക്കുന്നത് . വീട് വേഗത്തില്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.