കൊല്ലത്ത് പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നുപിടിച്ചു; പ്രതിയെ മോചിപ്പിക്കാന്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് സി.പി.എം; പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം


കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നുപിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് സ്വദേശി ലുക്മാൻ ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. പിന്നാലെ അക്രമികൾ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികൾ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

ഇന്നലെ രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങൾ തുടങ്ങിയത്. രാത്രിയോടെ പട്രോളിംഗിനായി കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ എസ്.ഐയും സംഘവും എത്തി. ജീപ്പിൽ പള്ളിക്കലെത്തിയപ്പോൾ ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാർ റോഡരികിലെ കടയ്ക്ക് സമീപത്ത് നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാൻ എസ്.ഐ ആവശ്യപ്പെട്ടു.തുടർന്ന് സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ മടങ്ങി.

എന്നാൽ ലുക്മാൻ ഹക്കീം എസ്.ഐയോട് അപമര്യാദയായി പെരുമാറിയതായാണ് റിപ്പോർട്ട്.ഇതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസുകാർ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. ബഹളത്തിനിടെ ലുക്മാൻ എസ്.ഐയുടെ കൈയിൽ കയറിപ്പിടിക്കുകയും ആക്രമിക്കാനും ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസുകാരും അക്രമികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അൽപനേരത്തിന് ശേഷം ലുക്മാനെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

യാത്രയ്ക്കിടെ വഴിയിൽ പലയിടത്തും സി.പി.എം പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ലുക്മാനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പണിപ്പെട്ടാണ് പ്രതിരോധിച്ചത്. മുസ്ളിം സ്ട്രീറ്റിൽ എത്തിയപ്പോൾ റോഡിൽ ബൈക്കുകൾ നിരത്തിവച്ച് ജീപ്പ് തടയാനും ശ്രമിച്ചതായി പോലിസ് പറയുന്നു. തുടർന്ന് ഡോർ അടിച്ചു തകർത്ത് ലുക്മാനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസെത്തിയതോടെ അക്രമികൾ പിൻവാങ്ങി.

ലുക്മാനെ സ്റ്റേഷനിലെത്തിച്ചപ്പോൾ സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരും ചേർന്ന് സ്റ്റേഷൻ വളഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
പരിക്കേറ്റ വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിനും സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക