കോഴിക്കോട് സ്വദേശിയായ ക്രിസ്ത്യൻ വനിതയ്ക്ക് മലപ്പുറത്തെ മദ്രസയിൽ അന്ത്യശുശ്രൂഷ; സാഹോദര്യത്തിന്റെ നേർക്കാഴ്ചയായ് പൊന്നാട്


കൊണ്ടോട്ടി(മലപ്പുറം): മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായി ക്രിസ്ത്യൻ വനിതയ്ക്ക് മദ്രസയിൽ അന്ത്യശുശ്രൂഷ. പൊന്നാട് തഹ്‌ലീമുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയിൽ ബ്രിഡ്ജറ്റ് റിച്ചാഡ്സ് എന്ന 84- കാരിക്കാണ് അന്ത്യശുശ്രൂഷ നൽകിയത്.

വീട്ടിൽ സൗകര്യമില്ലാത്തതിനെത്തുടർന്ന്‌ ഇവരുടെ മൃതദേഹം ഒരു രാത്രി മദ്രസയിൽ സൂക്ഷിക്കുകയുംചെയ്തു. കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാഡ്സ് മഞ്ചേരിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിയിൽനിന്ന് വിരമിച്ച ശേഷം നാലുസെന്റിൽ വീട് നിർമിച്ച് 13 വർഷമായി പൊന്നാട്ടാണ് താമസം. ഭർത്താവിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ട ഇവർക്ക് കൂടെ ജോലിചെയ്തിരുന്ന ജാനകി മാത്രമാണ് കൂട്ടുണ്ടായിരുന്നത്.

അയൽവാസികളുടെ സൗഹൃദത്തിലായിരുന്ന ബ്രിഡ്ജറ്റ് റിച്ചാഡ്സിനെ നാട്ടുകാർ അമ്മച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ച ബ്രിഡ്ജറ്റ് റിച്ചാഡിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടിലെത്തിച്ചത്.

ശനിയാഴ്ച ശവസംസ്കാരച്ചടങ്ങുകൾ നടക്കുന്നതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കണമായിരുന്നു. വീട്ടിനുള്ളിലേക്ക് ഫ്രീസർ എത്തിക്കാൻ കഴിയാഞ്ഞതിനാൽ സമീപത്തെ മദ്രസയിലെ ക്ലാസ് മുറിയിലേക്ക് മാറ്റി. ഇതിന് മുൻപ് അയൽവാസികളായ മുസ്‌ലിം സ്ത്രീകളടക്കം എത്തി അമ്മച്ചിയെ അവസാനമായി കുളിപ്പിച്ചു. പൊന്നാട് മഹല്ല് ജുമഅത്ത് പള്ളിയിൽനിന്ന് സ്ട്രച്ചർ എത്തിച്ചാണ് കുളിപ്പിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം സൂക്ഷിച്ച ക്ലാസ് മുറിയിലെ പഠനം ഒഴിവാക്കി.

കോഴിക്കോട്ടു നിന്നെത്തിയ പള്ളിവികാരിയാണ്‌ വീടുകളിൽ നടത്തേണ്ട അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വംനൽകിയത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തീകരിച്ച് മദ്രസയിൽനിന്ന് കോഴിക്കോട് വെസ്റ്റ്ഹിൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ടി.വി. ഇബ്രാഹിം എം.എൽ.എ. അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക