കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍: പിണറായിയുടെ ഏകാധിപത്യ ഭരണം ഇനി താങ്ങാനാവില്ലെന്ന്- രമേശ് ചെന്നിത്തല- ramesh chennithala


കാസർകോട്: കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുളളതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അധോലോക കൊളളസംഘങ്ങള്‍ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പല്‍ക്കാട്ടിലെ കൊളളക്കാര്‍ ഇവരെ കണ്ടാല്‍ നമിക്കും. മന്ത്രിമാര്‍ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്‌ന യഥേഷ്ടം കടന്നു ചെന്നത്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് കൊളളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുളളതാണ് സത്യം.' ചെന്നിത്തല പറഞ്ഞു.

നമ്മുടെ ദൗത്യം വളരെ വലുതാണ് കേരളത്തെ മോചിപ്പിക്കന്‍ വേണ്ടയുളള ദൗത്യമാണ് അത്. 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മണ്ണാണ് ഇത്. നാല് ലോക്കപ്പ് കൊലപാതകങ്ങള്‍, 7 മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തി. മാര്‍ക്‌സിസ്റ്റുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും നീതി കിട്ടാത്ത ഭരണകാലമായിരുന്നു ഇത്.

പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ ഭരണം ഇനി കേരളത്തിന് താങ്ങാന്‍ കഴിയില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നാടുമുഴുവന്‍ നടന്ന് വര്‍ഗീയത പറയുകയാണ് സിപിഎം. മുഖ്യമന്ത്രി തീക്കൊളളികൊണ്ട് തലചൊറിയുകയാണ്. കേരളത്തില്‍ വര്‍ഗീയ ആളിക്കത്തിക്കാനാണ് ശ്രമം. ഈ വര്‍ഗീയതക്കെതിരെയാണ് യു.ഡി.എഫിന്റെപോരാട്ടം. മതേതരത്വം നിലനിര്‍ത്താന്‍ പോരാട്ടത്തിന് കേരളജനത പൂര്‍ണ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ജനങ്ങളുടെ മാനിഫെസ്റ്റോ ആയിരിക്കും യുഡിഎഫിന്റേത്. അത് ജനങ്ങളുടെ കണ്ണുനീരൊപ്പുന്ന മാനിഫെസ്റ്റോ ആയിരിക്കും. ന്യായ് പദ്ധതി നടപ്പാക്കും.അടുത്ത സര്‍ക്കാര്‍ യുഡിഎഫ് ആയിരിക്കുമെന്നും. എല്ലാ കളളത്തരങ്ങളെയും വര്‍ഗീയതയും ചെറുത്ത് തോല്‍പിച്ച് മതേതരത്വത്തിന്റെ മാറ്റൊലി ഉയര്‍ത്തിക്കൊണ്ട് യുഡിഎഫ് അതിശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പടെയുള്ള പദ്ധതികളില്‍ പലതും മുന്‍സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ സമരം നടത്തി വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് ഇടതുപക്ഷം അന്ന് സ്വീകരിച്ചത്. ഇടതുപക്ഷ സര്‍ക്കാരിന് സ്വന്തമായി എന്തെങ്കിലും പദ്ധതികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക