റിയാദ്: സൗദി അറേബ്യയിൽ നമസ്കാര സമയത്ത് അടക്കാത്ത വ്യാപാര സ്ഥാപനങ്ങൾ മതകാര്യ പോലീസ് ഇടപെട്ട് അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസനദ് വ്യക്തമാക്കി. പുതിയ മതകാര്യ പോലീസ് നിയമം അനുസരിച്ച് ആണ് നിർണായക നടപടി.
നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടക്കാത്ത പക്ഷം നിയമ ലംഘകരെ മതകാര്യ പോലീസ് ഉദ്യോഗസ്ഥൻ മൂന്നു തവണ ഉണർത്തണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇതിനു ശേഷവും നിയമ ലംഘനം നടത്തുന്ന പക്ഷം നിയമ ലംഘകനെ കൈകാര്യം ചെയ്യുന്നതിന് പോലീസിന് റിപ്പോർട്ട് സമർപ്പിക്കുകയാണ് മതകാര്യ പോലീസ് ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്.
ദേശീയാഘോഷ പരിപാടികളിലും മറ്റും പങ്കാളിത്തം വഹിക്കുന്നതിന് ടൂറിസം മന്ത്രാലയവുമായും മറ്റു വകുപ്പുകളുമായും മതകാര്യ പോലീസ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇത്തരം പരിപാടികളിൽ മതകാര്യ പോലീസിന്റെ അധികാരവും പങ്കാളിത്തങ്ങളും പ്രവർത്തന രീതിയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി പ്രത്യേകം നിർണയിച്ചിട്ടുണ്ട്.