ലക്നൗ: കിലോഗ്രാമിന് ഒരു രൂപയേ ലഭിക്കൂ എന്നു വന്നതോടെ 10 ക്വിന്റൽ കോളിഫ്ലവർ റോഡിൽ ഉപേക്ഷിച്ച് കർഷകൻ. യുപിയിലാണ് സംഭവം. ഉത്തർപ്രദേശിലെ പിലിഭിതിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) ക്യാമ്പസിനു സമീപമാണ് കർഷകൻ കോളിഫ്ലവർ ഉപേക്ഷിച്ചത്. ജനങ്ങള്‍ ഇവ അതിവേഗം ശേഖരിച്ച് വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അര ഏക്കർ സ്ഥലത്താണ് മുഹമ്മദ് സലീം എന്ന കർഷകന്റെ കോളിഫ്ലവർ കൃഷി. വിത്തിന് മാത്രം 8000 രൂപ ചെലവായി. നടീൽ, ജലസേചനം, വളം എന്നിങ്ങനെ ചെലവ് വേറെ. വിളവെടുപ്പിനും മാർക്കറ്റിൽ എത്തിച്ചതിനുമുള്ള വാഹന വാടകയുമായി 4000 രൂപ ചെലവുണ്ട്. 15000 രൂപയോളം ചെലവുള്ള സാഹചര്യത്തിലാണ് 1000 കിലോ കോളിഫ്ലവറിന് 1000 രൂപ നൽകാമെന്ന് വ്യാപാരികൾ പറയുന്നത്.
നിലവിൽ കോളിഫ്ലവറിന് ചില്ലറവില 12–14 രൂപയാണ്. താൻ ഉൽപാദിപ്പിച്ച കോളിഫ്ലവറിന് 8 രൂപയെങ്കിലും കിട്ടുമെന്ന് സലീം പ്രതീക്ഷിച്ചിരുന്നു. വീട്ടിലേക്കു തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവ് കൂടി താങ്ങാൻ കഴിയാത്തതുകൊണ്ടാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് സലീം പറയുന്നു.
എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് എപിഎംസി സെക്രട്ടറി പറയുന്നു. അടിസ്ഥാന താങ്ങുവില പദ്ധതിയിൽ ഈ വിള ഉൾപ്പെട്ടിട്ടില്ല എന്നതാണ് വിലക്കുറവിനു കാരണമെന്നും എപിഎംസി വ്യക്തമാക്കി.