ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ മൂന്ന് മണിക്കൂർ നീണ്ട ഗതാഗത സ്തംഭിപ്പിക്കൽ സമരം ആരംഭിച്ചു. സംസ്ഥാന, ദേശീയ പാതകളാണ് കർഷകർ ഉപരോധിക്കുക. ഉച്ചക്ക് 12 മുതൽ മൂന്നുവരെയാണ് റോഡ് ഉപരോധം.
ഹരിയാനയിലെ പാൽവാലിൽ കർഷകർ റോഡ് ഉപരോധം തുടങ്ങി . കൂടാതെ ഡൽഹി -രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും ഗതാഗതം തടഞ്ഞുതുടങ്ങി. പഞ്ചാബിലെ അമൃത്സറിലും മൊഹാലിയിലും കർഷകർ റോഡിലിറങ്ങി. അതെ സമയം കർഷകരുടെ ഗതാഗത സ്തംഭനത്തിന് മുന്നോടിയായി ബംഗളൂരുവിലും ഡൽഹിയിലും കൂടുതൽ നേതാക്കളെ കരുതൽ തടങ്കലിലാക്കി. ബംഗളൂരുവിൽ 30 പേരെ കസ്റ്റഡിയിലെടുത്തു.
റോഡ് ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആൾ ഇന്ത്യ കിസാൻ മസ്ദൂർ സഭ പറഞ്ഞു. എ.ഐ.ടി.യു.സി സെക്രട്ടറി ചൗരാശിയയും പൊലീസ് കസ്റ്റഡിയിലാണ്. സി.ഐ.ടി.യു ഡൽഹി നോർത്ത് ജില്ല വൈസ് പ്രസിഡന്റ് വിപിനെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കി. ഐ.എഫ്.ടി.യു ദേശീയ ട്രഷററും ഡൽഹി പ്രസിഡന്റുമായ ഡോ. അനിമേഷ് ദാസിനെ കലക്ജി പൊലീസ് പുലർച്ചെ അഞ്ചുമണിയോടെ കസ്റ്റഡിയിലെടുത്തു. കർഷക സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് സി.പി.ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം തുടരുമ്പോൾ
അടിച്ചമർത്താൻ 50000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ട് .