33 രാജ്യങ്ങള്‍ കൂടി നിരോധിത പട്ടികയില്‍: യാത്രാനിരോധനം കൂടുതല്‍ കര്‍ക്കശമാക്കി കുവൈത്ത്- Kuwait


കുവൈത്ത് സിറ്റി:
വിദേശ രാജ്യക്കാർക്കുള്ള യാത്രാവിലക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഏതാനും വിഭാഗങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് മാസത്തോളമായി നിലനില്‍ക്കുന്ന യാത്രാനിരോധനം ഒഴിവാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയ കുവൈറ്റ് അധികൃതര്‍ യാത്രാനിരോധനം കൂടുതല്‍ കര്‍ക്കശമാക്കി.

നേരത്തേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള യാത്രയ്ക്ക് നിരോധനമുണ്ടായിരുന്ന 35 രാജ്യങ്ങളോടൊപ്പം പുതുതായി 33 രാജ്യങ്ങളെ കൂടി ചേര്‍ത്തിരിക്കുകയാണ്
ഇതോടെ കുവൈത്തിലേക്ക് വിദേശികള്‍ക്ക് നേരിട്ട് യാത്ര ചെയ്യാന്‍ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 68 ആയി ഉയര്‍ന്നു. ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ യൂസുഫ് അല്‍ ഫൗസാന്‍ അറിയിച്ചു. ഇവിടങ്ങളില്‍ കൊവിഡ് 19ന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.

പുതിയ സാഹചര്യത്തില്‍ ഈ 68 രാജ്യങ്ങളില്‍ നിന്നെത്തുന്ന കുവൈത്തി പൗരന്‍മാരും ആദ്യം ഏഴു ദിവസം ഹോട്ടലിലും ശേഷമുള്ള ഏഴുദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. ജര്‍മനി, ജപ്പാന്‍, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, തുര്‍ക്കി, യുഎഇ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളാണ് പുതിയ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

അതേസമയം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ കുവൈത്തി പൗരന്‍മാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കളെയും ഗാര്‍ഹികത്തൊഴിലാളികളെയും കൊണ്ടുവരാം. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ അടുത്ത ബന്ധുക്കളും വീട്ടുജോലിക്കാരും എന്നിവരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗികള്‍, വിദ്യാര്‍ഥികള്‍, കൂടെ രക്ഷിതാക്കളില്ലാത്ത മൈനര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഇവരോടൊപ്പമുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ എന്നിവരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണഅട്. ഇവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവും.

താല്‍ക്കാലികമായി പ്രഖ്യാപിച്ച 14 ദിവസത്തെ യാത്രാനിരോധനവും കൊവിഡ് വ്യാപനം രൂക്ഷമായ 35 രാജ്യങ്ങിളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്കും ഫെബ്രുവരി 21 മുതല്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പതിനൊന്നാം മണിക്കൂറില്‍ പിറകോട്ടുപോയ കുവൈത്തിന്റെ നടപടി പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി.

യാത്രാവിലക്ക് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് യാത്രാടിക്കറ്റും ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ഹോട്ടല്‍ മുറികളും ബുക്ക് ചെയ്ത പ്രവാസികളാണ് വെട്ടിലായത്. പെട്ടെന്നുള്ള നിലപാടു മാറ്റം യാത്രയ്ക്ക് തയ്യാറായി നിന്ന പ്രവാസികളെ ഏറെ വലച്ചു. നേരിട്ടുള്ള യാത്രയ്ക്ക് വിലക്കുണഅടായിരുന്ന 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും അല്ലാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനുമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. അതിനനുസിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്റ്റാര്‍ ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്തവരാണ് പെട്ടെന്നുള്ള നിലപാട് മാറ്റത്തില്‍ കുടുങ്ങിയത്.

കനത്ത ബുക്കിംഗ് കാരം ചെറിയ ഹോട്ടലുകളില്‍ റൂമുകള്‍ ലഭ്യമല്ലാത്തതിനാല്‍ പലരും ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് റൂം ബുക്ക് ചെയ്തത്. 14 ദിവസത്തെ യാത്രാ നിരോധനത്തെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്കും പുതിയ തീരുമാനം ഇരുട്ടടിയായി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക