ഗോണ്ടിയ: കുഞ്ഞിന് പലഹാരം വാങ്ങിക്കാന്‍ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്. മിഠായി വാങ്ങിക്കാനായി അഞ്ച് രൂപയാണ് ഭാര്യ ആവശ്യപ്പെട്ടത്.
ഫെബ്രുവരി രണ്ടിന് ഗോണ്ടിയയിലെ ലോണര ഗ്രാമത്തിലാണ് കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്നും 900 അകലെയാണിത്. വിവേക് ഉയിക് (28) സ്വന്തം കുഞ്ഞിനെ ഭാര്യയോടുള്ള ദേഷ്യത്തിന് കൊന്നത്. ഒന്നര വയസ്സുള്ള മകള്‍ കരയുന്നുവെന്നും അടുത്തുള്ള കടയില്‍ നിന്നും പലഹാരം വാങ്ങിക്കാന്‍ അഞ്ച് രൂപ വേണമെന്നുമായിരുന്നു വിവേകിനോട് ഭാര്യ ആവശ്യപ്പെട്ടത്. ഗോതമ്ബ് പൊടി കൊണ്ടുണ്ടാക്കുന്ന മധുരപലഹാരമായ കാജ മകള്‍ക്ക് വാങ്ങണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം. ഭാര്യ പൈസ ആവശ്യപ്പെട്ടതോടെ ദേഷ്യം മൂത്ത ഭര്‍ത്താവ് കുഞ്ഞിനെ എടുത്ത് തല വാതിലും നിലത്തും തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വൈകുന്നേരം ഭര്‍ത്താവ് വീട്ടിലേക്ക് വരുമ്ബോള്‍ മകള്‍ കരയുകയായിരുന്നു. മകളുടെ കരച്ചില് നിര്‍ത്താനായി പലഹാരം കൊടുക്കാമെന്നും ഇതിനായി അഞ്ച് രൂപ വേണമെന്നും വിവേകിനോട് ഭാര്യ വര്‍ഷ ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ ചില്ലറയില്ലെന്നായിരുന്നു വിവേകിന്റെ മറുപടി. താന്‍ പൈസ ചോദിച്ചതോടെ ഭര്‍ത്താവ് ദേഷ്യത്തില്‍ മകള്‍ വൈഷ്ണവിയെ എടുത്ത് വാതിലിലും വീടിന്റെ പടിയിലും തല ഇടിക്കുകയായിരുന്നുവെന്ന് വര്‍ഷ പൊലീസിനോട് പറഞ്ഞു. തടയാന്‍ ശ്രമിച്ച തന്നേയും ഭര്‍ത്താവ് ഉപദ്രവിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഉടനെ തന്നെ മകളേയുമെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയെങ്കിലും അവിടെ എത്തുന്നതിന് മുമ്ബ് തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തി വിവേകിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് വിവേകിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തിരോഡ പൊലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ് യോഗേഷ് പാര്‍ദി അറിയിച്ചു.