ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കാരണം ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 54,000 പേര് മരിച്ചതായി പഠനം. പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 പൊടി കണങ്ങള്‍ കാരണമാണ് ഇത്രയും മരണങ്ങളെന്നാണ് പഠനം. ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം. ഒരു ദശലക്ഷം പേരില്‍ 1800 മരണങ്ങള് പിഎം 2.5 മൂലം ഉണ്ടാകുന്നതായും ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഐക്യു എയര്‍ ഡേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു.
വായു മലിനീകരണത്തിന്റെ പ്രധാനഘടകമാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പൊടിപടലങ്ങള്‍. 2.5മൈക്രോണ്‍ വലിപ്പമുള്ള പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5. വലിപ്പം കുറവായതിനാല്‍ ശ്വാസകോശത്തിലേക്ക് പെട്ടെന്ന് കയറി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ആണ് പിഎം 2.5 അപകടകാരികളാകുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രശ്നം ഡല്ഹിയെപ്പോലെതന്നെ ഗുരുതരമാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നു.
2020 ല്‍ മംബൈ നഗരത്തില്‍ ഉണ്ടായ 25,000 മരണങ്ങള്‍ക്ക് കാരണം വായു മലിനീകരണം ആയിരുന്നെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു 12,000, ചെന്നൈ 11,000, ഹൈദരാബാദ് 11,000, ലക്നൗ 6,700 എന്നിങ്ങനെയാണ് വായു മലിനീകരണം ഉണ്ടായ മരണം. ലോക്്ഡൗണിന്റെ ഭാഗമായി മലിനീകരണം കുറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ അതീവശ്രദ്ധ വേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.