കാസര്‍കോട്: കാസർകോട് കല്ലൂരാവിയിലെ അബ്ദുര്‍റഹ്മാന്‍ ഔഫിനെ കൊന്ന കേസിലെ ഒന്നാം പ്രതി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇര്‍ശാദ് എം പി വര്‍ഗീയ കലാപ കേസിലടക്കം പ്രതി. മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വര്‍ഗീയ കലാപ കേസടക്കം അഞ്ച് കേസുകളാണ് ഇര്ശാദിനെതിരെയുള്ളത്.
2011 മുതലുള്ള കേസുകളുടെ വിവരങ്ങളാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂട്ടുപ്രതികളും വിവിധ കേസുകളില്‍ പ്രതികളാണ്. കേസന്വേഷണം അന്തിമഘട്ടത്തിലാണ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുമുണ്ട്. രണ്ട് മാസം മുമ്പാണ് കാഞ്ഞങ്ങാട് പഴയ കടപ്പുറം കല്ലൂരാവിയില്‍ ഔഫിനെ ഇര്‍ശാദ് അടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്നായിരുന്നു ഇത്.