കോഴിക്കോട്: യുഡിഎഫിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യആയുധമാക്കിക്കൊണ്ടുള്ള യു ഡി എഫ് നീക്കത്തിനെതിരെയാണ് ബിജെപി നേതാവിന്റെ വിമർശനം. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് കഴിഞ്ഞ ദിവസം യു ഡി എഫ് പുറത്തു വിട്ടിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയാണ് ഈ കരട് നിയമം പരസ്യപ്പെടുത്തിയത്. ഇതിനെ വിമർശിച്ചു കൊണ്ടാണ് ഫേസ്ബുക്കിലൂടെ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
മുസ്ലീം പള്ളിയും ക്രിസ്ത്യൻ ചർച്ചും പോലെ ക്ഷേത്രങ്ങൾ വിശ്വാസികളുടെ കമ്മിറ്റിയെ ഏൽപ്പിക്കുമെന്ന നിയമം കൊണ്ടു വരുമെന്ന് പറയാൻ കോൺഗ്രസുകാർക്ക് ധൈര്യമുണ്ടോ എന്നാണ് അബ്ദുള്ളക്കുട്ടി ചോദിക്കുന്നത്. പണ്ട് ബ്രിട്ടീഷ് സായിപ്പ് മൻഡ്രോ നടപ്പിലാക്കിയ നിയമത്തിന്റെ തുടർച്ചയാണ് ഇന്നത്തെ ദേവസം ബോർഡ് ഭരണം. ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താൻ UDF ന് സാധിക്കുമോ? വിശ്വാസികൾക്ക് ക്ഷേത്രഭരണം ഏല്പിക്കുമെന്ന് പറയാൻ തന്റേടമുണ്ടോ? എന്നാണ് ചോദ്യം.
കമ്മ്യൂണിസ്റ്റ്കാർ പിണറായിയുടെ നേതൃത്വത്തിൽ ദൈവ നിഷേധികളായ ആക്ടിവിസ്റ്റുകളെ കയറ്റി ശാസ്താവിന്റെ തിരുസന്നിധി അപമാനിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു.? എന്ന ചോദ്യവും ഉന്നയിക്കുന്ന അബ്ദുള്ളക്കുട്ടി അന്ന് അത് തടയാൻ BJP യുടെയുടെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കുറിപ്പിൽ പറയുന്നു.
തിരുവഞ്ചൂറും ശശിതരൂറും ഉമ്മൻ ചാണ്ടിയും നടത്തുന്ന പുതിയ പ്രഖ്യാപനങ്ങൾ ജനം വിശ്വസിക്കില്ല എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങിനെ വായിക്കാം:
ഇന്നത്തെ പ്രധാന ചർച്ചാ വിഷയം ശബരിമലയയാണല്ലൊ? കോൺഗ്രസ്സ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച കരട് നിയമം ഇതാണ്"ഞങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസികളുടെ ആചാര സംരക്ഷണത്തിന് നിയമനിർമാണം നടത്തും" ഇത് കണ്ടിട്ട് ഒരു ചോദ്യം മനസ്സിൽ ഉയർന്നു വരികയാണ് !
മുസ്ലിം പള്ളിയും , കൃസ്ത്യൻ ചർച്ചും പോലെ ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികളുടെ കമ്മറ്റിയെ ഏല്പിക്കുമെന്ന നിയമം കൊണ്ടുവരുമെന്ന് പറയാൻ കോൺഗ്രസുകാർക്ക് ധൈര്യമുണ്ടോ? പണ്ട് ബ്രിട്ടീഷ് സായിപ്പ് മൻഡ്രോ നടപ്പിലാക്കിയ നിയമത്തിന്റെ തുടർച്ചയാണ് ഇന്നത്തെ ദേവസം ബോർഡ് ഭരണം. ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താൻ UDF ന് സാധിക്കുമോ? വിശ്വാസികൾക്ക് ക്ഷേത്രഭരണം ഏല്പിക്കുമെന്ന് പറയാൻ തന്റേടമുണ്ടോ? കേരള രാഷ്ട്രീയത്തിൽ അല്പം വൈകിയാണെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം ഹിന്ദുമത വിശ്വാസകൾക്ക് വേണ്ടി അലമുറയിടുകയാണ് ഇതെല്ലാം കാണിക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ പുതിയ ധ്രുവീകരണമാണ്.
ഇതിൽ നിന്ന് ഒരു കാര്യം പകൽ പോലെ വ്യക്തമാണ്. BJP ഉയർത്തുന്ന രാഷ്ട്രീയത്തിന്ന് പ്രാധാന്യം ഏറി വരികയാണ്. ഹേ കോൺഗ്രസ്സേ കമ്മ്യൂണിസ്റ്റ്കാർ പിണറായിയുടെ നേതൃത്വത്തിൽ ദൈവ നിഷേധികളായ ആക്ടിവിസ്റ്റുകളെ കയറ്റി ശാസ്താവിന്റെ തിരുസന്നിധി അപമാനിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു.?! അന്ന് അത് തടയാൻ BJP യുടെയുടെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. K.സുരേന്ദ്രനെ പോലെ നൂറുക്കണക്കിന് അയ്യപ്പ ഭക്തൻമാർ ജയിലിൽ പോയത് കേരളം മറന്നിട്ടില്ല. തിരുവഞ്ചൂറും ശശിതരൂറും ഉമ്മൻ ചാണ്ടിയും നടത്തുന്ന പുതിയ പ്രഖ്യാപനങ്ങൾ ജനം വിശ്വസിക്കില്ല CPM ന്റെയും, congress ന്റേയും തട്ടിപ്പ് ജനം തിരിച്ചറിയും.