തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച രീതിയിലായിരുന്നുവെന്നും അത് തകര്‍ന്നു പോകരുതെന്നും കോവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രം സംഘം പറഞ്ഞതായി മന്ത്രി കെ.കെ.ശൈലജ. ഇതിനായി പരിശോധന വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
" കേന്ദ്ര സംഘത്തിന്റെ നിര്‍ദേശങ്ങള്‍ സദുദ്ദേശത്തോടെ എടുക്കുന്നു. നമ്മള് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ടെസ്റ്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്", കെ.കെ.ശൈലജ പറഞ്ഞു.
തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്രം സംഘം പറഞ്ഞത്. ഒരു കാരണവശാലും സ്വതന്ത്രരായി പോകാന്‍ സമയമായി എന്ന ചിന്ത ആളുകളിലുണ്ടാകരുതെന്നും സംഘം പറഞ്ഞുവെന്നും അത് മുഖവിലയ്ക്ക് എടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രസംഘം നിര്‍ദേശിച്ചിരുന്നു. പരിശോധന വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ച സംഘം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. കൊല്ലം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.