ലോകത്തെ ഒന്നാകെ പിടിച്ചുലച്ച കോവിഡ് വൈറസിന്റെ ഉറവിടം ചൈനയിലെ പരീക്ഷണശാലകളല്ല: വവ്വാല്‍ ഗുഹകളാവാമെന്ന് ലോകാരോഗ്യസംഘടനഷാങ്ഹായ്: ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന്റെ ഉറവിടമെന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷകസംഘം. വുഹാനില്‍ ആദ്യം കണ്ടെത്തുകയും പിന്നീട് ആഗോള മഹാമാരിയ്ക്ക് കാരണമാവുകയും ചെയ്ത വൈറസിന്റെ ഉറവിടത്തെ കുറിച്ച് പഠനം നടത്താന്‍ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായി ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ധനുമായ പീറ്റര്‍ ഡസ്സാക് പറഞ്ഞു. വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകള്‍ താവളമാക്കിയ ഗുഹകളില്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ലെങ്കിലും വുഹാനിലെ വൈറസ് ഉറവിടത്തെ കുറിച്ച് പുതിയ സൂചന ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ചൈനയിലെ പരീക്ഷണശാലകളാണ് കോവിഡിന്റെ ഉറവിടമെന്നുള്ള അമേരിക്കയുള്‍പ്പെടെയുള്ള ചില ലോകരാജ്യങ്ങളുടെ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ സംഘത്തിന്റെ പുതിയ പഠനഫലമെന്നത് ശ്രദ്ധേയമാണ്. 2002-2003 കാലത്തെ സാര്‍സ്(SARS) രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് യുനാന്‍ പ്രവിശ്യയിലെ ഗുഹകളില്‍ പഠനം നടത്തിയ വിദഗ്ധരില്‍ ഡസ്സാക്കും ഉള്‍പ്പെട്ടിരുന്നു.

കോവിഡിന്റെ ഉത്ഭവത്തിന് വവ്വാല്‍ പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്ന് ഡസ്സാക്ക് പറയുന്നു. യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം പഠനസംഘത്തിന് ലഭിച്ചതായാണ് ഡസ്സാക് നല്‍കുന്ന വിവരം.

രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോള്‍ വര്‍ഷങ്ങൾ പഴക്കമുണ്ടാകാമെന്നും ഡസ്സാക് പറയുന്നു. ലോകാരോഗ്യസംഘടന നിയോഗിച്ച സംഘം ആശുപത്രികള്‍, ലാബുകള്‍, ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ട മത്സ്യവിപണനകേന്ദ്രം എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ചൈനീസ് അധികൃതര്‍ വിമുഖത പ്രകടിപ്പിച്ചില്ലെന്ന കാര്യവും ഡസ്സാക് എടുത്തു പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക