കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് മാപ്പു പറയണമെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും ‘തൊഴിലിന്റെ മാഹാത്മ്യം’ എന്ന് പറഞ്ഞ് സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിച്ച് ‘ആധുനിക ഗാന്ധി’ യാകാനാണ് സുധാകരന്റെ ശ്രമമെന്നും പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന് 'ചെത്തുകാരന്റെ മകന്' പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ മകനായ പിണറായി ഇപ്പോള്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തുന്നു എന്നായിരുന്നു വിമര്‍ശനം. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞ സുധാകരന് തന്നെ ഇക്കാര്യത്തില്‍ വിമര്‍ശിച്ച രമേശ് ചെന്നിത്തലയെയും എഐസിസി നേതാക്കളെയും വരെ വിമര്‍ശിച്ചിരുന്നു. തലേദിവസം സുധാകരനെ തള്ളിപ്പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് ന്യായീകരിക്കുകയും ചെയതു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങിനെ:
‘‘കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ശ്രീ. കെ. സുധാകരൻ അധിക്ഷേപിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. "ചെത്തുകാരന്റെ മകൻ " എന്ന് പരാമർശം തൊഴിലിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്നതാണ് എന്നുള്ള വാദം "ആധുനിക ഗാന്ധി " ആകാനുള്ള ശ്രമം ആയിരിക്കും! ജാതി വ്യവസ്ഥയെ ഗാന്ധി ന്യായീകരിക്കാൻ ശ്രമം നടത്തിയതും "തൊഴിലിന്റെ മാഹാത്മ്യം" എന്ന ആദർശം ഉപയോഗിച്ചായിരുന്നല്ലോ.
ശ്രീ. സുധാകരൻ നടത്തിയ ഹീനമായ പരാമർശം പിൻവലിച്ചു ക്ഷമ പറയേണ്ടതാണ്. ശ്രീ. പിണറായി വിജയന്റെ വൻപിച്ച ജന പിന്തുണയിലും സ്വാധീനത്തിലുമുള്ള അസഹിഷ്ണുതയാണ് ഈ ജാതി അവഹേളനത്തിൽ കൂടി പുറത്തു വന്നിരിക്കുന്നത്. തത്കാലം അത് സഹിക്കുകയെ സുധാകരനെ പോലെയുള്ളവർക്കു മാർഗ്ഗമുള്ളൂ.’’