തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. 'നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെ'ന്ന് അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചു.
ടൂറിസം വകുപ്പിലെ 90 താല്കാലിക ജീവനക്കാരെയും നിര്‍മിതി കേന്ദ്രത്തിലെ 16 പേരെയും സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യുക, താല്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം സെക്രട്ടറിയേറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും തുടരുന്നതിനിടെയായിരുന്നു ഇത്.
അതേസമയം, ഉദ്യോഗാര്‍ഥികളുടെ സമരത്തിനു പിന്നില്‍ യുഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന് ഇന്ന് പ്രതികരിച്ചിരുന്നു. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് പട്ടികയിലുള്ള എല്ലാവര്ക്കും നിയമനം നല്കാന് കഴിയില്ലെന്നും വിജയരാഘവന് പറഞ്ഞിരുന്നു. ഇതിനിടെയാണ് മെത്രാപൊലീത്തയുടെ പ്രതികരണം. മുന്‍പ് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള സഭാ അധ്യക്ഷനാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത.