കര്‍ഷക സമരത്തെ പിന്തുണച്ച ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ത്യുന്‍ബെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റ തുന്‍ബെയും ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ ട്വീറ്റ്. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്തയും അവര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പിന്നീട് വ്യാഴാഴ്ചയും ഗ്രെറ്റ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഇത്. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് വിശദീകരിക്കുന്നത്. ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു.

കര്‍ഷകസമരത്തെ അനുകൂലിച്ച് ഗ്രെറ്റ ത്യുന്‍ബേ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും വേണമെന്നും ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ 'ഇന്ത്യ ഒറ്റക്കെട്ട്' എന്ന പേരില്‍ പ്രചാരണവും ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക