ന്യൂഡൽഹി: കർഷക പ്രതിഷേധത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിന് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളർത്തുന്നുവെന്നും ആരോപിച്ചാണ് കേസ്.
ഗൂഢാലോചന, മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, രാജ്യത്തിന്റെ ഐക്യം തകർക്കുന്നതിനായി പ്രവർത്തിക്കുക എന്നിവയാണ് യുവ കാലാവസ്ഥാ പ്രവർത്തകയ്ക്ക് നേരെയുള്ള ആരോപണങ്ങൾ.
തനിക്കെതിരെ കേസ് എടുത്ത വാർത്ത പുറത്തുവന്നയുടനെ, തന്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഗ്രെറ്റ തൻബെർഗ് ട്വീറ്റ് ചെയ്തു. “ഞാൻ ഇപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്നു അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ഒരിക്കലും ആ നിലപാടിനെ ഇല്ലാതാക്കില്ല,” ഫാർമേഴ്സ്പ്രൊട്ടെസ്റ്റ് എന്ന ഹാഷ്ടാഗിൽ ഗ്രെറ്റ തൻബെർഗ് ട്വീറ്റ് ചെയ്തു.
പോപ്പ് താരം റിഹാന സിഎൻഎൻ ലേഖനം പങ്കുവച്ചുകൊണ്ട് ഒരു വരി അഭിപ്രായം പോസ്റ്റുചെയ്തതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി പതിനെട്ടു വയസുകാരിയായ ഗ്രെറ്റ തൻബെർഗിന്റെ ആദ്യ ട്വീറ്റ് വന്നത്.
“ഇന്ത്യയിലെ കർഷക പ്രതിഷേധത്തോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” പ്രതിഷേധത്തെക്കുറിച്ചും പ്രതിഷേധ സ്ഥലത്തിന് സമീപം സർക്കാർ ഇന്റർനെറ്റ് നിയന്ത്രിക്കുന്നതിനെക്കുറിച്ചുമുള്ള സിഎൻഎൻ ലേഖനം പങ്കുവെച്ചുകൊണ്ട് ഗ്രെറ്റ തൻബെർഗ് എഴുതി.
I still #StandWithFarmers and support their peaceful protest.
— Greta Thunberg (@GretaThunberg) February 4, 2021
No amount of hate, threats or violations of human rights will ever change that. #FarmersProtest
പ്രതിഷേധത്തിന് എങ്ങനെ പിന്തുണ കാണിക്കണമെന്ന് ആളുകളെ ഉപദേശിച്ചുകൊണ്ട് ഗ്രെറ്റ തൻബർഗ് ഇന്ന് ഒരു “ടൂൾകിറ്റ്” പങ്കിട്ടു. എന്നാൽ ഇത് കർഷക പ്രതിഷേധത്തിന് പ്രേരണ നൽകുന്നതിനായി വിദേശത്തുനിന്നുള്ള സംഘടിത ശക്തികൾ നടത്തിയ ഗൂഢാലോചനയെ തുറന്നുകാട്ടുന്നുവെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.