നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് തിരുവനന്തപുരത്ത് എത്തും. കോര്‍കമ്മറ്റിയോഗത്തിലും സംസ്ഥാന കമ്മറ്റി യോഗത്തിലും ജെപി നദ്ദ പങ്കെടുക്കും. രാത്രി എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുന്ന നദ്ദ നാളെ രാവിലെ തൃശൂരിലേക്ക് തിരിക്കും.
ഇനിയും പരിഹരിക്കാനാവാത്ത വിഭാഗീയതയുടെ ചുഴിയിലാണ് സംസ്ഥാന നേതൃത്വം. അതിനിടെയാണ് ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തുന്നത്. കലഹം തീര്‍ക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്
മിഷന് കേരള പ്രാവര്‍ത്തികമാക്കാന്‍ ബിജെപി ദേശീയ നേതൃത്വം നേരിട്ട് കളത്തിലിറങ്ങുകയാണ് . പദ്ധതികളും തന്ത്രങ്ങളും എല്ലാം ആവിഷ്കരിക്കുക ഇനി ദേശീയ നേതൃത്വം തന്നെയാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത കണക്കാക്കിയ എ ക്ലാസ് മണ്ഡലങ്ങളിലെയടക്കം മുന്നൊരുക്കങ്ങള്‍ ഇന്ന് കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷന്‍ നേരിട്ട് വിലയിരുത്തും.
ബിജെപി നേതാക്കള്‍ക്ക് പുറമേഎന്ഡിഎ ഘടകക്ഷികളുമായും ചര്‍ച്ച നടത്തും . പ്രമുഖ വ്യക്തികളും സാമൂദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ആദ്യ ദിനത്തിലെ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു.
ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തുന്ന ദേശീയ അധ്യക്ഷനെ റോഡ് ഷോയോടെ സ്വീകരിക്കും. സംസ്ഥാന കമ്മറ്റിയോഗത്തിലും കോര്കമ്മറ്റിയിലുമാണ് ജെപി നദ്ദ ആദ്യം പങ്കെടുക്കുക. സംസ്ഥാന നേതൃത്വത്തോട് കലഹിച്ച് മാസങ്ങളായി ഭാരാവാഹി യോഗങ്ങളില്‍ പങ്കെടുക്കാത്ത ശോഭാ സുരേന്ദ്രന് ഇത്തവണ യോഗത്തിന് എത്തുമോയെന്നും എല്ലാവരും ഒറ്റുനോക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ജെപി നദ്ദ മാധ്യമങ്ങളെ കാണും. പിന്നീട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന നദ്ദ എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. ഇതിനിടയില്‍ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും നടത്തും. നാളെ രാവിലെ നെടുമ്പാശ്ശേരിക്ക് പോകുന്ന നദ്ദ വൈകുന്നേരം തൃശൂരില്‍ പൊതു സമ്മേളനത്തിലും പങ്കെടുക്കും.