കോഴിക്കോട്: കോൺഗ്രസ് മുക്ത കേരളം എന്നത് ബി ജെ പി ലക്ഷ്യമല്ലെന്നും അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി മത്സരിക്കാനിറങ്ങുന്നത്. ശോഭാ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ലെന്നും അവർ ഉടൻ തന്നെ സജീവമായി തിരിച്ചെത്തുമെന്നും സുരേന്ദ്രൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കവെയാണ് ബിജെപി നേതാവിന്റെ വാക്കുകൾ.
നിയമസഭ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ബി ജെ പിയ്ക്ക് അനുകൂലമാകും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം പൊതുവേ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ സാമൂഹിക ഘടനയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരാണ നിലയിൽ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകളാണ് പാർട്ടിക്ക് ലഭിക്കുന്നതെന്നും ഇപ്പോൾ ന്യൂനപക്ഷ വോട്ടുകളും ലഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.
കോൺഗ്രസ് മുക്ത കേരളം ബി ജെ പി ആഗ്രഹിക്കുന്നു എന്നൊരു പ്രചരണം നടക്കുന്നുണ്ട്. അത് വളരെ ദുഷ്ടലോക്കോടെ നടത്തുന്ന പ്രചരണമാണ്. യഥാർഥത്തിൽ കോൺഗ്രസ് മുക്ത കേരളത്തിന് വലിയ അധ്വാനം ചെയ്യേണ്ട കാര്യമില്ല. അത് ലീഗ് ചെയ്തോണ്ടിരിക്കുകയാണ് ഇപ്പോൾ. മുസ്ലിം ലീഗിന്റെ പണികൊണ്ടാണ് ഇവിടെ കോൺഗ്രസ് മുക്ത കേരളം ഉണ്ടാകാൻ പോകുന്നത്. ലീഗ് ഇപ്പോൾ ആറ് സീറ്റ് കൂടുതൽ ചോദിച്ചിരിക്കുന്നു. അണിയറിയിൽ അവർ ഉപമുഖ്യമന്ത്രി പദം ചോദിച്ചു എന്നാണ് മനസിലാക്കുന്നത്. ഞങ്ങൾക്ക് രണ്ട് മുന്നണികളോടും സമദൂര നിലപാടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് എത്ര സീറ്റുകൾ നേടാനാണ് നിർദേശമെന്ന ചോദ്യത്തോട് പ്രതികരിച്ച കെ സുരേന്ദ്രൻ സർക്കാർ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്ന നിർദേശമാണ് തങ്ങൾക്ക് കിട്ടിയിരിക്കുന്നതെന്ന് വ്യക്തമാക്കി. കുറച്ച് സീറ്റുകൾ പിടിക്കുക എന്നതല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിരവധി ബി ജെ പി നേതാക്കളും സമാനമായ പ്രസ്താവന നടത്തിയിരുന്നു. കേരളത്തിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു വാക്കുകൾ.
ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാനില്ല എന്ന പരസ്യനിലപാട് സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി. പാർട്ടി എന്താണോ പറയുന്നത് അത് പോലെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ മത്സരിക്കേണ്ട പ്രചാരണത്തിൽ ശ്രദ്ധിക്കാൻ പറയുകയാണെങ്കിൽ സന്തോഷം. മത്സരിച്ചേ മതിയാകു എന്നവർ പറഞ്ഞാൽ എനിക്ക് ധിക്കരിക്കാനാവില്ല- സുരേന്ദ്രൻ പറഞ്ഞു