തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിൽ ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെഎസ്ഐഎന്‍സി എംഡി എൻ.പ്രശാന്ത് എന്നിവർക്കെതിരെ ഗുരുതര ആരോപണമാണ് കടകംപള്ളി ഉന്നയിച്ചിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എംഒയുവിൽ എൻ.പ്രശാന്തിനെ കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കടകംപള്ളി പറഞ്ഞു.
“ആഴക്കടൽ മത്സ്യബന്ധന വിവാദം പ്രതിപക്ഷത്തിന്റെ ഉണ്ടയില്ലാ വെടിയാണ്. തന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ഐഎഎസ് ഓഫീസർ പ്രശാന്തിനെക്കൊണ്ട് ഒരു എംഒയു ഒപ്പുവപ്പിച്ചു,” കടകംപള്ളി പറഞ്ഞു. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് എന്‍.പ്രശാന്ത് എംഒയു ഒപ്പിട്ടത്. ധാരണാപത്രം എന്‍.പ്രശാന്ത് അന്നുതന്നെ ചെന്നിത്തലയ്ക്ക് നല്കി. സര്‍ക്കാര്‍ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണപരത്തുകയാണെന്നും കടകംപള്ളി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ധാരണാപത്രം റദ്ദാക്കിയത്. പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നത് കമ്പനി നല്കിയ നിവേദനത്തിലെ വിവരങ്ങളാണെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രശാന്തുമായുള്ള ബന്ധത്തെ തള്ളി ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. “പ്രശാന്തുമായി ഞാൻ സംസാരിച്ചിട്ടില്ല. അയാൾ എന്നോടും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ലാതെ അയാൾക്ക് എങ്ങനെ ഒപ്പിടാൻ കഴിയും?,” പ്രതിപക്ഷ നേതാവ് ചോദിച്ചു. കെഎസ്ഐഎന്‍സി എംഡി ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും കരാറുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.