കുവൈത്ത് സിറ്റി: പ്രവാസികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടിയതായി കുവൈത്ത് സിവിൽ ഏവിയേഷന്റെ അപ്രതീക്ഷിത അറിയിപ്പ്. നാളെ മുതൽ പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കും എന്ന സർക്കുലർ പുറത്തിറക്കി മണിക്കൂറുകൾ പിന്നിടും മുമ്പാണ് വീണ്ടും കുവൈത്ത് വ്യോമയാന വിഭാഗം തീരുമാനം മരവിപ്പിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്.
ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് അധികൃതരുടെ നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പുതിയ സർക്കുലർ പ്രകാരം സ്വദേശികൾ അല്ലാത്ത യാത്രക്കാർക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാജ്യത്തേക്ക് വരുന്ന സ്വദേശികൾക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും ഏർപ്പെടുത്തിയതായും സർക്കുലറിൽ വ്യക്തമാക്കുന്നു രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീർന്ന് ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക് വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് പുതിയ തീരുമാനം.