കൊല്ലം: കല്യാണ സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. സദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് ആര്യങ്കാവ് പൊലീസ് പറയുന്നു.
വിവാഹത്തിന് മദ്യപിച്ച് എത്തിയ ചിലരാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. സദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനെ ചൊല്ലി ഇവർ തർക്കം ഉന്നയിക്കുകയും വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു.
സദ്യ വിളമ്പുന്നതിന്റെ ഒരു ഭാഗത്തുനിന്ന് തുടങ്ങിയ അടി, വൈകാതെ വ്യാപിക്കുകയായിരുന്നു. കഴിച്ചു കൊണ്ടിരുന്നവർ അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു. അതിനിടെ, സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.