പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപണം; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ എസ്പിക്ക് പരാതി, വിവരം സോഷ്യൽ മീഡിയയിൽ എത്തിയതോടെ നദിക്കെതിരെ പരാതികളുടെ നിലക്കാത്ത പ്രവാഹം


കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ആക്ടിവിസ്റ്റ് നദി ഗുല്‍മോഹറിനെതിരെ (നദി) പരാതി. സാമൂഹ്യ പ്രവർത്ത ബിന്ദു അമ്മിണിയാണ് നദിക്കെതിരെ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നൽകിയത്. കൂടുതൽ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് തെളിവായി നല്‍കിയാണ് ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ്മയുടെ പേരിൽ ബിന്ദു അമ്മിണി പരാതി നല്‍കിയത്.

സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദി ഗുല്‍മോഹര്‍ നിരവധി കുട്ടികളേയും, യുവതികളേയും പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. താമസിക്കാന്‍ ഇടം നല്‍കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി വനിതകൾ നദിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സോഷ്യല്‍മീഡിയയിലെ ആക്ടിവിസ്റ്റ് സർക്കിളുകളിൽ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേ സമയം നദിയുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

ഇടതുപക്ഷ പ്രവർത്തകനായ നദിക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഒടുവിൽ സർക്കാർ ഇടപെടലിനെത്തുടർന്നാണ് പൊലീസ് യു എ പി എ ഒഴിവാക്കിയത്. ഇതിനിടെ വിദേശത്ത് ജോലി നോക്കിയ ശേഷം തിരിച്ചെത്തിയ നദി വയനാട്ടിൽ ഫാം ഹൗസ് നടത്തി വരികയാണ്. ഇതിനിടയാണ് ലൈംഗികാരോപണം ഉയർന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നദി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക