കണ്ണൂർ: കളിക്കുമ്പോൾ പതിനഞ്ചുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിൽ കാൽ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തു. പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ 25 വർഷം തന്റെ ശ്വാസനാളിയിൽ വിസിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് നാൽപതുകാരി ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജിൽ നിന്ന് ബ്രോങ്കോസ്കോപ്പിയിലൂടെയാണ് മട്ടന്നൂർ സ്വദേശിയുടെ ശ്വാസനാളിയിൽ നിന്ന് വിസിൽ പുറത്തെടുത്തത്.
വർഷങ്ങളായുള്ള വിട്ടു മാറാത്ത ചുമയെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ എത്തിയ നാല്പതുകാരിയെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
യുവതിയെ പൾമണോളജി വിഭാഗത്തിൽ സി ടി സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് ശ്വാസനാളിയിൽ എന്തോ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയം തോന്നിയത്. ഉടനെ ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ സംഘം പരിശോധനകൾ ആരംഭിച്ചു.
ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. പുറത്തെടുത്തത് ചെറിയ ഒരു വിസിലായിരുന്നു. വിസിൽ എങ്ങനെ കുടുങ്ങി എന്ന് ആലോചിച്ചപ്പോഴാണ് 40കാരിക്ക് പതിനഞ്ചാം വയസ്സിൽ നടന്ന സംഭവം ഓർമ്മ വന്നത്. കളിക്കുന്നതിനിടയിൽ അറിയാതെ വിഴുങ്ങി പോയതായിരുന്നു വിസിൽ.
വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും ആസ്മ രോഗം മൂലമാണെന്നാണ് മട്ടന്നൂർ സ്വദേശിനി ഇത്രയും കാലം കരുതിയിരുന്നത്. വിസിൽ പുറത്തിറങ്ങുന്നതോടെ എല്ലാ വിഷമതകളും മാറി. അത്ഭുതത്തോടെ എങ്കിലും ഇനി ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാത്ത ജീവിതത്തിലേക്ക് കടക്കുകയാണ് നാല്പതുകാരി. പൾമണോളജി വിഭാഗത്തിന്റെ നേട്ടത്തിന് ഇടയാക്കിയ വിദഗ്ദ്ധ ഡോക്ടർമാരെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അഭിനന്ദിച്ചു.