തൃശൂർ: തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പത്മജ വേണുഗോപാൽ. അഞ്ച് വർഷം തൃശൂർ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പമായിരുന്നെന്നും പാർട്ടി ഈ പരിഗണന തരുമെന്നാണ് വിശ്വാസമെന്നും പത്മജ പറഞ്ഞു.
മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പിലും തോൽവിയായിരുന്നു പത്മജയെ തേടിയെത്തിയത്. പക്ഷേ ഇക്കുറി പത്മജ ആത്മവിശ്വസത്തിലാണ്. തോറ്റതിന് ശേഷവും കഴിഞ്ഞ അഞ്ച് വർഷമായി തൃശൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. ഇക്കാര്യം പാർട്ടി പരിഗണിക്കുന്നുണ്ട് എന്നാണ് വിശ്വാസം. കഴിഞ്ഞ തവണത്തെ പാളിച്ചകൾ പരിഹരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്.
സ്ഥാനാർഥി നിർണ്ണയത്തിൽ വനിതകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും പത്മജ പറഞ്ഞു. ഗ്രൂപ്പ് തർക്കങ്ങൾ ഇല്ലാതെ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നതാണ് നിലവിലെ അവസ്ഥ. തൃശൂരിൽ നിന്ന് പത്മജ രണ്ടാം വട്ടവും ജനവിധി തേടുമെന്നിരിക്കെ വർഷങ്ങൾക്കിപ്പുറം മണ്ഡലം പിടിച്ചെടുത്ത മന്ത്രി വി.എസ് സുനിൽ കുമാറിന് പകരം എൽ.ഡി.എഫിൽ ആര് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.