സെക്രട്ടറിയേറ്റിലെ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു; രമേശ് ചെന്നിത്തല ഇന്ന് സമരപ്പന്തലിലെത്തും


തിരുവനന്തപുരം: ശനിയാഴ്ച ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനു പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാ‌ർത്ഥികളുടെ സമരം തുടരുന്നു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തും. അതേസമയം ഇന്നും സമരക്കാരുമായി ഉദ്യോഗസ്ഥതല സമതി ചർച്ച നടത്തിയേക്കും. ഇതിനിടെ സമാധാനപരമായ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആഭ്യന്തര വകുപ്പ് അ‌ഡി. ചീഫ് സെക്രട്ടറി ടി.കെ ജോസും ​എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തിയത്. രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ ഉദ്യോഗാർത്ഥികൾ നിലപാടിൽ ഉറച്ചുനിന്നു. ഒഴിവുള്ള തസ്തികകളിലും താത്കാലിക തസ്തികളിലും പി.എസ്.സി വഴി സ്ഥിര നിയമനം നടത്തണമെന്നതടക്കം എട്ട് നിർദ്ദേശങ്ങളാണ് എൽ.ജി.എസ് റാങ്ക് ഹോൾഡർമാർ മുന്നോട്ടുവച്ചത്.

വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ അതത് വകുപ്പുകളോട് നിർദ്ദേശിക്കാമെന്നും, ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എൽ.ജി.എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ചുമാൻ എന്നീ തസ്തികകളുടെ നിയമന കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.

കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമാധാനപരമായി സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ശുഭ പ്രതീക്ഷയുണ്ട്. രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നുംഅവർ കൂട്ടിച്ചേർത്തു.

കാര്യങ്ങൾ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ഇന്നലെ പ്രതികരിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക