കൊച്ചി: ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്.
ഐ.എഫ്.എഫ്.കെയുടെ രണ്ടാം എഡിഷനാണ് കൊച്ചിയില്‍ തുടങ്ങിയത്. പ്രായക്കൂടുതലായതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു.
തനിക്ക് 90 വയസ്സായിട്ടില്ല. അമല്‍ നീരദും ആഷിഖ് അബുമൊക്കെ തന്റെയൊപ്പം പഠിച്ചവരാണ്. തന്റെ വീട്ടിലെ ദാരിദ്ര്യം കൊണ്ട് രണ്ടു മൂന്നു വര്‍ഷം പിന്നിലാണ് പഠിച്ചത്. അവരേക്കാള്‍ രണ്ടോ മൂന്നു വയസ്സ് കൂടുതലുള്ള തനിക്ക് അയോഗ്യതയാണുള്ളത്.
ചലച്ചിത്ര മേളയ്ക്ക് താന്‍ പോകുന്നില്ല. അതൊരു സി.പി.എം മേളയാണ്. അതില്‍ ഏക കോണ്‍ഗ്രസുകാരനായ തനിക്ക് എന്തുകാര്യമാണുള്ളത്. തന്നെ മാറ്റി നിര്‍ത്തുന്നതില്‍ ആരൊക്കെയോ വിജയിച്ചു. താന്‍ ചെന്നിട്ട് അവര്‍ പരാജയപ്പെടേണ്ട.
അവസരങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങള്‍ മാറാനോ താന്‍ തയ്യാറല്ല. മരിക്കുന്നവരെ കോണഗ്രസുകാരനായിരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സലിംകുമാര്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് ജില്ലയില്‍ നിന്നുള്ള 25 പേരെയാണ് പരിഗണിച്ചത്. തനിക്ക് ക്ഷണം വരാതിരുന്നപ്പോള്‍ മേളയുടെ കമ്മിറ്റിക്കാരില്‍ ഒരാളെ വിളിച്ച് കാര്യം തിരക്കി. പ്രായക്കൂടുതല്‍ കാരണമാണ് ക്ഷണിക്കാത്തതെന്നാണ് മറുപടി ലഭിച്ചത്. ഇന്നലെ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് പരിപാടിക്കെത്തില്ലേ എന്നന്വേഷിച്ചു. വരില്ലെന്ന് അറിയിച്ചതായും സലിംകുമാര്‍ പറഞ്ഞു.