കോഴിക്കോട്: ഭരണത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കരട് നിയമം യുഡിഎഫ് പുറത്ത് വിട്ടതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിച്ചു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ആയുധം ശബരിമലയാണെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ നിയമ നിര്‍മാണം നടത്തുമെന്ന യുഡിഎഫ് വാഗ്ദാനം പൊള്ളയാണെന്ന വാദമുയര്‍ത്തി പ്രതിരോധം തീര്‍ക്കുകയാണ് എല്‍ഡിഎഫ്.
ശബരിമലയിലെ കരട് നിയമം പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ മന്ത്രി എ കെ ബാലന് മീഡിയവണിലൂടെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അത് പുറത്ത് വിട്ടത്. ഇതോടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി ശബരിമല മാറി. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തറപറ്റിയതിന്റെ കാരണം ശബരിമല യുവതീപ്രവേശനമാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന ആയുധം അയ്യപ്പ വിശ്വാസം തന്നെയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. പ്രചരണ രംഗത്ത ചൂടുള്ള വിഷയമാക്കി ഇതിനോടകം ശബരിമലയെ മാറ്റാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുമുണ്ട്. ശബരിമലയിലെ മുന്‍നിലപാടിനെ ചോദ്യം ചെയ്താണ് സര്‍ക്കാരിനേയും ഇടത് മുന്നണിയേയും യുഡിഎഫ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയത്തില്‍ കരുതലോടെ പ്രതികരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. കോടതിയുടെ പരിഗണനയിലിക്കുന്ന കേസാണെന്ന് പറഞ്ഞ് പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയെങ്കിലും പിന്നീട് നേതാക്കള്‍ നിലപാട് മാറ്റിയിട്ടുണ്ട്. കോടതി വിധി വന്ന ശേഷം എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേര്‍ന്നത് വിശ്വാസികളെ ശബരിമല എത്രമാത്രം സ്വാധീനിച്ചെന്ന ബോധ്യത്തിന്രെ അടിസ്ഥാനത്തിലാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ നിയമ നിര്‍മാണം സാധ്യമല്ലെന്ന വാദമുയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് ഇടത് മുന്നണി ശ്രമം. എന്തായാലും മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട പ്രചരണ വിഷയമായി ശബരിമലയുണ്ടാകുമെന്ന് ഉറപ്പായി.