ചണ്ഡീഗഡ്: കർഷകർക്ക് പിന്തുണയറിയിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കർഷക ദുരവസ്ഥയെ കുറിച്ചുള്ള ചിത്രം പങ്കുവച്ചാണ് ഗിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിഷയത്തിൽ കേന്ദ്ര അനുകൂല നിലപാടുകളുമായി താരങ്ങൾ രംഗത്തെത്തുന്ന വേളയിലാണ് ഗില്ലിന്റെ 'പ്രഖ്യാപനം'.
ഗില്ലിന്റെ പിതാവ് ലഖ്വീന്ദർ സിങ് സമരത്തിൽ സജീവമായിരുന്നു. സിംഗു അതിർത്തിയിലെ പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഗിൽ ഓസീസ് പര്യടനത്തിൽ കളിച്ച വേളയിലായിരുന്നു ഇത്. പരമ്പരാഗത കർഷക കുടുംബമാണ് ഗില്ലിന്റേത്. ലഖ്വീന്ദറും മുത്തച്ഛനുമെല്ലാം കൃഷിക്കാരാണ്.
ഓസീസിനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഗിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സംഘത്തിലും ഇടംപിടിച്ചിട്ടുണ്ട്. ഗില്ലിന്റെ പ്രകടനത്തെ വാഴ്ത്തി നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഭാവിയിൽ ഗില്ലിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കാം എന്നാണ് വിവിഎസ് ലക്ഷ്മൺ പറഞ്ഞിരുന്നത്.
പഞ്ചാബിലെ ഫസിൽക്കയിലാണ് ഗില്ലിന്റെ ജനനം. ഏഴാം വയസ്സിൽ മൊഹാലിയിലേക്ക് കുടിയേറി.