വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി


ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു. പതിമൂന്നു വർഷമായി എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി എസ്.എസ്.എഫ് നടത്തിവരുന്ന മാതൃക പരീക്ഷ എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ഥ ആശയങ്ങളും, ആദർശങ്ങളുമുള്ള ഇന്ത്യ പോലൊരു രാജ്യത്തിലെ, പഴമയെ ഇല്ലാതാക്കാനുള്ള നീക്കം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. പരിഷ്ക്കരണമെന്ന പേരിൽ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനും, പൊളിച്ചെഴുതാനുമുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും ബഹുസ്വര സമൂഹത്തിന് ചേരാത്ത പലതും ഉൾക്കൊള്ളിച്ചിരിക്കുന്നു. നാളത്തെ പൗരൻമാരായ വിദ്യാർത്ഥികളെ വർഗീയമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പാഠങ്ങളും, വിദ്യാഭ്യാസ നയങ്ങളും ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന് ഗുരുതരമായ പോറലുകൾ ഏൽപ്പിക്കും. അതിനാൽ വിദ്യാഭ്യാസരംഗം എന്നും ബഹുസ്വരമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേര്‍പ്പ് ഗ്ലോബല്‍ സ്ക്കൂളില്‍ വെച്ചാണ് എസ്.എസ്.എഫിന്‍റെ സംസ്ഥാന ഉദ്ഘാടനം നടന്നത്. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി കൊല്ലം അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ, സെക്രട്ടറിമാരായ ആശിഖ് കോയ തങ്ങൾ കൊല്ലം, കെ.ബി ബശീർ തൃശൂർ, എസ്.വൈ.എസ് ജില്ല സെക്രട്ടറി ബശീർ അശ്റഫി ചേർപ്പ്, എസ്.എസ്.എഫ് ജില്ല പ്രസിഡണ്ട് ഷിഹാബ് സഖാഫി താന്ന്യം സംസാരിച്ചു. എസ്.എസ് എഫ് ജില്ല സെക്രട്ടറിമാരായ അനസ് ചേലക്കര, ഇയാസ് പഴുവിൽ, റിയാസ് അഹ്സനി കൂളിമുട്ടം, ശാഫി ഖാദിരി കൊടുങ്ങല്ലൂര്‍ എന്നിവർ സംബന്ധിച്ചു. മാത് സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ സംസ്ഥാനത്താകെ പരീക്ഷ എഴുതി.

പരീക്ഷാ ഫലം മാർച്ച് പതിനൊന്നിന് വെഫി ഓൺലൈൻ ഡോട്ട് ഇൻ സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക