കൊല്ലം: ട്യൂഷന്റെ മറവിൽ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്കെതിരേ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. തങ്കശ്ശേരിയിൽ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
ട്യൂഷന് എത്തിയിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിൽ ഒരുമിച്ച് താമസിക്കാൻ അധ്യാപിക അവസരം ഒരുക്കിയിരുന്നു. പെൺകുട്ടികളുടെ ഫോൺ അധ്യാപിക ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ പേരിൽ സാമൂഹികമാധ്യമത്തിൽ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക മറ്റുള്ളവരുമായി ചാറ്റ് ചെയ്തിരുന്നു. ഇത് കുട്ടികൾ തന്നെ ചെയ്തതാണെന്നും ഇത് പുറത്തറിയിക്കുമെന്നും പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയതായി കാട്ടി വിദ്യാർഥികൾ ജില്ലാ ചൈൽഡ് വെൽഫെയർകമ്മിറ്റിക്ക് പരാതി നൽകി.
വിവരം പുറത്തുപറയാതിരിക്കണമെങ്കിൽ വീട്ടിൽപ്പോയി പണം കൊണ്ടുവരാൻ അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഇതെത്തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണനു പരാതി നൽകി.
ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥികളുടെ മൊഴിയെടുത്തിട്ടുണ്ട്. അധ്യാപികയ്ക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി.സജിനാഥ് അറിയിച്ചു. കൂടെത്താമസിപ്പിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ കുട്ടിയെ മർദിച്ചതിന്റെ പേരിൽ മുൻപും അധ്യാപികയ്ക്കെതിരേ പരാതി ലഭിച്ചിരുന്നു. അന്ന് കുട്ടിയെ മോചിപ്പിച്ച് അച്ഛനൊപ്പം വിട്ടയയ്ക്കുകയായിരുന്നു.