'ഇനിയൊരു അങ്കത്തിനില്ല, അന്തിമ തീരുമാനം പാർട്ടി എടുക്കട്ടെ'; നിലപാട് വ്യക്തമാക്കി- എംഎൽഎ വി അബ്ദുൾ റഹ്മാൻ


മലപ്പുറം: ചരിത്രത്തിൽ ആദ്യമായി ലീഗിന്റെ പച്ചക്കോട്ടയായിരുന്ന താനൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന് ജയിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. വി അബ്ദുൾ റഹ്മാനിലൂടെ. ഇത്തവണ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കെ ഇനി മൽസരിക്കാൻ ഇല്ലെന്ന നിലപാടിൽ ആണ് അദ്ദേഹം.

മുസ്ലിം ലീഗിൻ്റെ പൊന്നാപുരം കോട്ട ആയിരുന്ന താനൂരിൽ അബ്ദു റഹ്മാൻ രണ്ടത്താണിയെ 4918 വോട്ടിന് തോൽപ്പിച്ച് ആണ് വി അബ്ദുൾ റഹ്മാൻ പിടിച്ചെടുത്തത്. വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ ഇനി മൽസരിക്കാൻ ഇല്ലെന്ന നിലപാടിൽ ആണ്. " പാർട്ടി എന്നെ ഏൽപ്പിച്ച ദൗത്യം ഞാൻ പൂർത്തിയാക്കി. ആദ്യം പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ മൽസരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് താനൂരിലും. താനൂർ വിജയിക്കുകയും കഴിഞ്ഞ 5 വർഷം ഏറെ വികസന പദ്ധതികൾ കൊണ്ടുവരാനും സാധിച്ചു. ഇനി മൽസരിക്കാൻ ഇല്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ പാർട്ടി ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാർട്ടി എന്ത് പറയുന്നോ അത് അനുസരിക്കും." വി അബ്ദുൾ റഹ്മാൻ പറഞ്ഞു.

എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ." പാർട്ടി ഒരു ദൗത്യം ഏൽപ്പിച്ചു.അത് നിർവഹിച്ചു. ഇനി പുതിയ ആളുകൾ വരട്ടെ. അവർക്ക് അവസരം നൽകാൻ ഞാൻ മാറി നിൽക്കാൻ തയ്യാർ ആണ് "

അബ്ദുൾ റഹ്മാൻ താനൂരിൽ നിന്നും തിരൂരിലേക്ക് മാറും എന്ന അഭ്യൂഹം ശക്തമാണ് എങ്കിലും അദ്ദേഹം അതെല്ലാം നിഷേധിക്കുന്നു. താനൂരിൽ ഇടതു മുന്നണിയുടെ സ്വന്തം വോട്ടുകളേക്കാള്‍ വി അബ്ദുൾ റഹ്മാൻ വ്യക്തി പ്രഭാവം കൊണ്ട് നേടിയ വോട്ടുകളാണ് വിധിയെഴുത്തിൽ നിര്‍ണായകമായത്. അത് കൊണ്ട് തന്നെ വി അബ്ദുൾ റഹ്മാന് വിട്ടു നിൽക്കാൻ തീരുമാനിച്ചാൽ പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ഇടത് മുന്നണിക്ക് എളുപ്പം ആകില്ല. ഇത് ഇടത് പക്ഷത്തിന് വെല്ലുവിളി ആകുമെന്ന് ഉറപ്പാണ്.

എന്നാൽ ഇടത് സ്ഥാനാർഥി ആയി ആരു മത്സരിച്ചാലും കഴിഞ്ഞ 5 കൊല്ലം കൊണ്ട് താനൂരിൽ കൊണ്ടുവന്ന വികസനങ്ങൾ തന്നെ വോട്ട് നേടിത്തരുമെന്ന് എംഎൽഎ പറയുന്നുണ്ട് എങ്കിലും സ്ഥാനാർഥി വളരെ നിർണായകം ആണ് താനൂർ പോലെ ഒരു മണ്ഡലത്തിൽ.

ഇത്തവണ അബ്ദുറഹ്മാൻ മാറി നിൽക്കാൻ താത്പര്യം കാണിക്കുന്നതിന് താനൂരിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളും ഒരു കാരണം ആയിട്ടുണ്ട് എന്ന് വേണം വിലയിരുത്താൻ. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ താനൂരിൽ എൽഡിഎഫിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗത്തിൻറെ വോട്ട് അബ്ദുൾ റഹ്മാന് ലഭിച്ചിരുന്നു. ലീഗുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന പൊന്മുണ്ടം, ചെറിയമുണ്ടം മേഖലകളിലെ കോൺഗ്രസ് പ്രവർത്തകർ അന്ന് യുഡിഎഫിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പൊന്മുണ്ടം കോൺഗ്രസ് എന്ന പേരിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. ഈ മേഖലയിലെല്ലാം അബ്ദുറഹ്മാന് വലിയ പിന്തുണയാണ് ലഭിച്ചത്.

അബ്ദുറഹ്മാൻ റെ അത്ഭുതകരമായ വിജയത്തിന് പിന്നിലെ പ്രധാന കാരണവും കോൺഗ്രസിൽ നിന്നും കിട്ടിയ വോട്ടുകളാണ്. പക്ഷേ ഇപ്പോൾ പൊന്മുണ്ടം കോൺഗ്രസ് ഇല്ല. എല്ലാവരും കോൺഗ്രസിലേക്ക് തിരിച്ചെത്തി. അക്കാരണം കൊണ്ട് തന്നെ 2016ലെ പോലെ വോട്ട് ചോർച്ച ഇക്കുറി യുഡിഎഫിൽ ഉണ്ടാകില്ല എന്നും വിലയിരുത്തുന്നുണ്ട്.

വി അബ്ദുറഹ്മാൻ തിരൂരിൽ മത്സരിക്കണം എന്ന ആവശ്യം ഇടത് പക്ഷ പ്രവർത്തകർ ഉയർത്തുന്നുണ്ട്. അബ്ദുൾ റഹ്മാൻ തിരൂർ സ്വദേശി ആണ് എന്നതും മേഖലയിൽ സ്വാധീനം ഉള്ള വ്യക്തി ആണ് എന്നതുമാണ് ഈ ആവശ്യത്തിന് പിന്നിൽ. അങ്ങനെ ഒരു അവസരം കിട്ടിയാൽ ലീഗിന്റെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് അബ്ദുൾ റഹ്മാനും ആത്മവിശ്വാസം ഉണ്ട്.

അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറുക ആണെങ്കിൽ കഴിഞ്ഞ തവണ തിരൂരില്‍ മികച്ച പ്രകടനം നടത്തിയ ഗഫൂര്‍ പി ലില്ലീസിനെ താനൂരില്‍ കൊണ്ടുവരാൻ ആകും ഇടത് പക്ഷം ശ്രമിക്കുക. വ്യവസായിയായ ഈ തിരൂർ സ്വദേശി 2016 ൽ തിരൂരിൽ സി. മമ്മൂട്ടിയോട് 7061 വോട്ടിനാണ് പരാജയപ്പെട്ടത്. ഗഫൂർ പി ലില്ലിസ് താനൂരിലേക്ക് തയ്യാറല്ലെങ്കിൽ മറ്റേതെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾക്ക് ആകും സാധ്യത.

2011ൽ താനൂരിൽ മത്സരിച്ച ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ. ജയന്റെ പേരും സാധ്യത പട്ടികയിലുണ്ട്. മറു വശത്ത് മുസ്ലിം ലീഗ് എന്ത് വില കൊടുത്തും താനൂര്‍ പിടിച്ചെടുക്കും എന്ന നിലപാടിലാണ്. പി കെ ഫിറോസിന് വേണ്ടി താനൂര്‍ മണ്ഡലം യൂത്ത് ലീഗ് രംഗത്തുണ്ട്. പികെ ഫിറോസിനെ പോലെ ഒരു യുവനേതാവ് വന്നാൽ താനൂർ പിടിച്ചെടുക്കാൻ ഉറപ്പായും സാധിക്കും എന്ന് തന്നെ യൂത്ത് ലീഗ് വിശ്വസിക്കുന്നു. തിരൂര്‍ സ്വദേശി കൂടിയായ മണ്ണാര്‍ക്കാട് എം എല്‍ എ എൻ ഷംസുദ്ദീനാണ് മറ്റൊരു പ്രമുഖൻ. മുൻ എം എല്‍ എ അബ്ദു റഹ്മാൻ രണ്ടത്താണിയും താനൂരില്‍ മത്സരിക്കാൻ സാധ്യത ഉള്ള മറ്റൊരാളാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക